എങ്ങോട്ടുപോകും, ഗാസയിൽ നിന്ന്

ഗാസ സിറ്റി : മുന്നറിയിപ്പ് നൽകിയിട്ടും ഒഴിഞ്ഞുപോകാതിരുന്നതിനാലാണ് ഗാസയിലെ ഷെജയ്യയിൽ ഞായറാഴ്ച ഇസ്രായേലി സേന ഷെല്ലാക്രമണം നടത്തിയതും 65 ലേറെ പേർ കൊല്ലപ്പെട്ടതും. ഗാസയിലെ ജനങ്ങളാകട്ടെ, ഉത്തരംകിട്ടാത്ത ഒരു ചോദ്യവുമായി മല്ലടിക്കുകയാണ്; എങ്ങോട്ട് പോകും?

ഗാസയിൽ ഐക്യരാഷ്ട്രസഭ ഒരുക്കിയ ക്യാമ്പുകളിലെല്ലാം നിറഞ്ഞുകവിഞ്ഞ മട്ടിലാണ് അഭയാർത്ഥികൾ. രാജ്യംവിട്ടുപോകാമെന്ന് വച്ചാൽ  അതിന് കഴിയുകയുമില്ല. ഗാസയ്ക്ക് ചുറ്റുമുണ്ട് ഇസ്രായേലി സേനയുടെ കാവൽ. പടിഞ്ഞാറ് ഭാഗത്ത്  മെഡിറ്ററേനിയൻ  സമുദ്രമാണെങ്കിലും ആ ഭാഗത്തുമുണ്ട്  നിയന്ത്രണവും വിലക്കും.
തെക്കുഭാഗത്തെ ഈജിപ്ത് അതിർത്തിയിലും വടക്കു, കിഴക്ക് ഭാഗങ്ങളിലെ  ഇസ്രായേൽ അതിർത്തിയിലും മുള്ളുവേലിയോ കോൺക്രീറ്റ് ഭിത്തിയോ ഉണ്ട്. ഗാസയിൽ നിന്ന് പാലസ്തീൻകാർ ഇസ്രായേലിൽ പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. ഇസ്രായേലിൽ കടന്ന് ചാവേറാക്രമണങ്ങൾ നടത്തുമെന്ന ഭയമാണ് ഈ വിലക്കിന് കാരണം. ഈജിപ്തിലെ റാഫ അതിർത്തി പോസ്റ്റ് വഴിയും പാലസ്തീൻകാരെ കടത്തിവിടാറില്ല. വിദേശ പാസ്പോർട്ടുള്ളവർക്ക് മാത്രമേ റാഫ വഴി പുറത്തുപോകാനാവൂ.
ഏതാണ്ട് 10 കിലോമീറ്റർ വീതിയും 40 കിലോമീറ്റർ നീളവും വരുന്ന ദീർഘചതുരം പോലുള്ള ഗാസ ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ്. 18 ലക്ഷത്തിലേറെയാണ് ജനസംഖ്യ. വാസയോഗ്യമായ ഇടങ്ങളിലെല്ലാം ജനം തിങ്ങിപ്പാർക്കുകയാണ്. ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയാലും എങ്ങോട്ട് പോകുമെന്ന് അറിയാതെ ജനം കുഴങ്ങുന്നതിന് ഒരു കാരണം ഇതാണ്.
ഇസ്രായേലി സേനയോട് പൊരുതുന്ന 'ഹമാസ്" ഒഴിഞ്ഞുപോകാൻ അനുവദിക്കാറുമില്ല. ഹമാസിന് വേണ്ടത് 'മനുഷ്യകവച"മാണ്.

മുന്നറിയിപ്പ് അടങ്ങിയ ലഘുലേഖകൾ ഇസ്രായേലി സേന വിതരണം ചെയ്താൽ ഉടൻ ഹമാസിന്റെ റേഡിയോയിലൂടെയും ടിവിയിലൂടെയും അറിയിപ്പുണ്ടാകും,  മുന്നറിയിപ്പ് ഒരു തട്ടിപ്പാണെന്ന്. 'മനഃശാസ്ത്ര യുദ്ധത്തിന്റെ" ഭാഗമാണ് മുന്നറിയിപ്പ് എന്നാണ് വിശദീകരിക്കുക. ശത്രുവിന്റെ മുന്നറിയിപ്പിനെ  ബോധപൂർവം അവഗണിക്കുന്നവരുമുണ്ട്.
രണ്ട് ഡസനിലേറെ അംഗങ്ങളുള്ള ധാരാളം കുടുംബങ്ങൾ ഗാസയിലുണ്ട്. ഇസ്രായേലി ആക്രമണത്തിന് ശേഷം അവശേഷിക്കുന്ന രണ്ടോ മൂന്നോ മുറികളിലായിരിക്കും ഇത്രയുംപേർ കഴിയുക. വീടുവിട്ടുവരുന്ന ബന്ധുക്കളെ കൂടി പാർപ്പിക്കാൻ അതിനാൽ എളുപ്പമല്ല. എന്നാലും, വീട് വിടേണ്ടിവന്ന പല കുടുംബങ്ങളും കഴിയുന്നത് ബന്ധുക്കളോടൊപ്പമാണ്. കുട്ടികളാണ് ഓരോ കുടുംബത്തിലെയും അംഗങ്ങളിൽ പകുതിയോളം. കുട്ടികളെയും കൂട്ടി താമസം മാറാനും ബുദ്ധിമുട്ടാണ്.
യു.എൻ അഭയാർത്ഥി ക്യാമ്പുകൾ കഴിഞ്ഞാൽ സുരക്ഷിതം ഗാസ നഗരമാണ്. നാട്ടിലെ കൃഷിസ്ഥലവും വീടും വിറ്റ് ഗാസ നഗരത്തിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. പക്ഷേ, ആഗ്രഹം സഫലമാകാറില്ല. ഗാസ നഗരത്തിൽ സ്ഥലത്തിനും വീടിനും തീപിടിച്ച വിലയാണ്.

ഗാസ: ഗാസയിൽ നിന്നു തുരങ്കം വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 10 ഹമാസ് തീവ്രവാദികളെ വധിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലസ്തീൻകാരുടെ എണ്ണം 500 കവിഞ്ഞു. ഇസ്രായേൽ സേന ഒരു ആശുപത്രി ബോംബിട്ടു തകർത്തതായി ഗാസ അധികൃതർ കുറ്റപ്പെടുത്തി. ഇതിനിടെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ ആരായുന്നതിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി കെയ്റോയിലെത്തി.
യു.എൻ രക്ഷാസമിതി മുന്നോട്ടുവച്ച വെടിനിറുത്തൽ ഉടമ്പടി തള്ളിക്കളഞ്ഞാണ് ഹമാസും ഇസ്രായേലും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നത്. ഞായറാഴ്ച ഇസ്രായേലിന്റെ 13 സൈനികരെ വധിച്ച ഇന്നലെ റോക്കറ്റ് ആക്രമണവും നുഴഞ്ഞുകയറ്റവും ശക്തമാക്കി. ഇസ്രായേൽ സേനയാകട്ടെ, ഗാസയിൽ കുരുതി തുടർന്നു. ഒരു കുടുംബത്തിലെ 28 പേരെ അവർ വധിച്ചു. അൽ അക്സ ആശുപത്രിയിൽ ഷെൽ വീണ് നാലു പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രികൾ മറയാക്കിയാണ് ഹമാസ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.
പാലസ്തീന്റെ ഭാഗത്തുനിന്ന് നൂറോളം കുട്ടികൾ ഉൾപ്പെടെ 518 പേർ മരിച്ചപ്പോൾ 18 സൈനികരും രണ്ട് സിവിലിയന്മാരുമാണ് ഇസ്രായേലിന് നഷ്ടപ്പെട്ടത്.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are