ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരിച്ചവരുടെ എണ്ണം 120 ആയി

സെബു: മധ്യ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു. ചുഴലിക്കാറ്റില്‍ കെട്ടിടങ്ങള്‍ നിലംപതിച്ചു. നിരവധി പ്രദേശങ്ങളിലെ വൈദ്യുതിവിതരണവും വാര്‍ത്താവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടു. മധ്യ ഫിലിപ്പൈന്‍സിലെ ഇരുപത് പ്രവിശ്യകളിലാണ് ഹയാന്‍ ചുഴലിക്കൊടുങ്കാറ്റ് വ്യാപക നാശം വിതച്ചത്. ടാക്ലോബാന്‍ നഗരത്തില്‍ 100ലേറെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായി വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. സമീപ നഗരത്തിലെ ആരാധനാലയത്തില്‍ 20 പേരുടെ മൃതദേഹങ്ങള്‍ കാണാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടാക്ലോബാന്‍ വിമാനത്താവളത്തിലെ റണ്‍വേ തകര്‍ന്നതിനെത്തുടര്‍ന്ന് സഹായമെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല. എന്നാല്‍ സൈനിക വിമാനങ്ങളില്‍ സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പത്ത് ലക്ഷത്തിലേറെപ്പേരെ ഇതു വരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാകുന്നുണ്ട്. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റ് സമര്‍, ലെയ്റ്റ്, ബൊഹോള്‍, സെബു, ഇലോയ്‌ലോ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം വിതച്ചത്. കൊടുങ്കാറ്റിന്റെ ശക്തിയില്‍ ബഹുനിലക്കെട്ടിടങ്ങള്‍ പലതും നിലം പൊത്തി. കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങലിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ.് വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകരാറിലായതിനെത്തുടര്‍ന്ന് രാജ്യം പൂര്‍ണമായും ഇരുട്ടിലായിരിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചു. 2011ല്‍ 1200 പേര്‍ മരിക്കാനിടയായ ബൊഫാ ചുഴലിക്കൊടുങ്കാറ്റിനു ശേഷമുണ്ടായ ശക്തിയേറിയ കൊടുങ്കാറ്റാണ് ഹായാന്‍.  ഫിലിപ്പൈന്‍സില്‍ ഈ വര്‍ഷം വീശിയടിക്കുന്ന 25ാമത്തെ കൊടുങ്കാറ്റാണ് ഹയാന്‍. ഫിലിപ്പിന്‍സിനു ശേഷം വിയറ്റ്‌നാമിലേക്കാണ് കൊടുങ്കാറ്റിന്റെ പ്രയാണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഉണ്ടായ ഭൂചലനത്തിന്റെ ആഘാതത്തില്‍ നിന്നും ജനങ്ങള്‍ മോചിതരാകും മുമ്പാണ് പ്രദേശത്തെ ഒന്നാകെ വിറപ്പിച്ച് കൊണ്ട് ഹയാന്‍ ചുഴലിക്കാറ്റ് എത്തിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സെബുവിലേതടക്കം 12 മില്യണ്‍ ജനങ്ങള്‍ക്ക് ഹയാന്‍ ഭീഷണിയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഹയാനെ തുടര്‍ന്ന് സ്‌കൂളുകളും ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. ബോട്ട് സര്‍വ്വീസുകളും പ്രാദേശിക വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്തു.


philippine typhoon haiyan ടാക്ലോബാന്‍ haiyan

Read more at: http://www.indiavisiontv.com/2013/11/09/275122.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are