നിതാഖത്ത്:ഇളവുകാലം അവസാനിച്ചു; ഇന്നുമുതല്‍ കര്‍ശന പരിശോധന

saudiജിദ്ദ: ഇളവ് കാലാവധി അവസാനിച്ചതോടെ സൗദി അറേബ്യയില്‍ ഇന്നുമുതല്‍ നിയവിരുദ്ധ തൊഴിലാളികളെ കണ്ടെത്താന്‍ കര്‍ശന പരിശോധനകളാരംഭിക്കും. സമയ പരിധി അവസാനിച്ചെങ്കിലും പദവി ശരിയാക്കാനുളള അവസരം തുടരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

അതേസമയം പിടിയിലാകുന്ന അനധികൃത വിദേശ തൊഴിലാളികളോട് മാന്യമായി പെരുമാറണമെന്ന് സൗദി മനുഷ്യാവകാശസമിതി ആവശ്യപ്പെട്ടു.

ഞായറാഴ്ച്ച അവസാനിച്ച ഇളവുകാലത്ത് 24.5 പേര്‍ സ്‌പോണ്‍സര്‍ ഷിപ്പും 23 ലക്ഷം പേര്‍ പ്രൊഫഷനും മാറ്റി. ക്യാമ്പയ്ന്‍ കാലത്ത് 38 ലക്ഷം പേരുടെ ഇഖാമയും പുതുക്കി.

നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക റെയ്ഡുകള്‍ ആരംഭിക്കുമെന്നും അഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. നിയമ ലംഘകരെ പിടികൂടുന്നതിന് പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ട്. നിയമ ലംഘകരെ നാടുകടത്തുന്നതിനുളള ചെലവ് നിയമ ലംഘകരോ അവരുടെ സ്‌പോണ്‍സര്‍മാരോ വഹിക്കേണ്ടി വരും.

സ്ഥാപനങ്ങളില്‍ നടക്കുന്ന പരിശോധനക്കിടെ തൊഴില്‍ മന്ത്രാലയ സംഘങ്ങള്‍ കണ്ടെത്തുന്ന നിയമലംഘകരെ തുടര്‍ നടപടിക്കായി പൊതു സുരക്ഷാ വകുപ്പിന് കൈമാറുകയാണ് ചെയ്യുക. ജയിലുകളില്‍ അനിയന്ത്രിതമായി തിരക്ക് അനുഭവപ്പെടാതെ ഇല്ലാതാക്കുന്നതിനായി പിടിയിലാകുന്ന നിയമ ലംഘകരെ എത്രയും വേഗം നാടു കടത്താനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

രണ്ട് ഡീപോട്ടേഷന്‍ സെന്ററുകള്‍ നിതാഖത്ത് നിയമ ലംഘകരെ താമസിക്കാനായി സൗദി ഒരുക്കിയിട്ടുണ്ട്. ഇവരെ സ്വന്തം നാടുകളിലേക്ക് കടത്തിവിടാന്‍ ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. പിടിയിലായി നാടുകടത്തി വിടുന്ന നിയമലംഘകര്‍ക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് പത്ത് വര്‍ഷത്തെ വിലക്കുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചായിരിക്കും സുരക്ഷാ വകുപ്പ് പരിശോധന നടത്തുക. താമസ സ്ഥലങ്ങള്‍ കയറിയുളള പരിശോധന ഉണ്ടാകില്ല. അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. എന്നാല്‍ ഇനിയും പദവി ശരിയാക്കാത്ത മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ ആശങ്കയോടെയാണ് പരിശോധന നടപടികള്‍ ആരംഭിക്കുന്നതിനിടെ സൗദിയില്‍ തുടരുന്നത്. തങ്ങളുടെ കാര്യത്തില്‍ സൗദി കൂടുതല്‍ മാനുഷികമായ നിലപാടുകള്‍ എടുക്കണമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

 

nitaqat saudi arabia Nitaqat: Grace period ends today jidda  മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are