ഹജ്ജിന് ഇന്ന് തുടക്കം: അറഫാ സംഗമം നാളെ

hajj1

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ന് തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെല്ലാം മക്കയിലെത്തി. ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ മിനയിലേക്ക് നീങ്ങിത്തുടങ്ങും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒരുമിച്ച് മിനയിലേക്ക് പ്രവഹിക്കുമ്പോഴുള്ള തിരക്കൊഴിവാക്കാനാണ് ഇന്ന് രാത്രി തന്നെ തീര്‍ത്ഥാടകരെ മിനയിലേക്ക് കൊണ്ടു പോകുന്നത്.

ഹജ്ജിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സൗദി ആഭ്യന്തര മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അറിയിച്ചു.

തീര്‍ത്ഥാടകരുടെയും പുണ്യസ്ഥലങ്ങളുടെയും സുരക്ഷയ്ക്കായി അബ്ദുല്ല രാജാവിന്റെ നിര്‍ദ്ദേശപ്രകാരം നാല്പതിനായിരം പേരടങ്ങുന്ന പ്രത്യേക ഹജ്ജ്-ഉംറ സുരക്ഷാ സേനയെ മശാഇറില്‍ വിന്യസിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം അറഫയിലും മിനയിലുമുണ്ടായ കാറ്റിലും മഴയിലും തകര്‍ന്ന തമ്പുകള്‍ അറ്റകുറ്റപ്പണി നടത്തി വീണ്ടും താമസയോഗ്യമാക്കിയിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാനായി എല്ലാ അത്യന്താധുനിക സംവിധാനങ്ങളും സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തീര്‍ത്ഥാടകര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ സ്‌ക്രീനുകളില്‍ വിവിധ ഭാഷകളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാവും. ദിശ സൂചിപ്പിക്കാനായി സ്ഥാപിച്ച ഔദ്യോഗിക ബോര്‍ഡുകളില്‍ മലയാളത്തിലുള്ളവയുമുണ്ട്. തിങ്കളാഴ്ചയാണ് അറഫ സംഗമം. തിങ്കളാഴ്ച രാവിലെ തീര്‍ത്ഥാടകര്‍ അറഫയിലേക്ക് നീങ്ങും. മദീന സന്ദര്‍ശനം താല്കാലികമായി നിര്‍ത്തിവെച്ചതോടെ മക്കയില്‍ ഇപ്പോള്‍ ശക്തമായ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്.

ഹജ്ജിന് മുമ്പുള്ള വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നമസ്‌കാരത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഹജ്ജിന്റെ ചടങ്ങുകളുടെ ആത്മീയ വശങ്ങളും അവ അനുഷ്ഠിക്കേണ്ടതെങ്ങനെയെന്നും ഹറം പള്ളി ഇമാം ഷെയ്ഖ് സാലിഹ് ബിന്‍ മുഹമ്മദ് അല്‍ താലിബ് ജുമുഅ പ്രഭാഷണത്തില്‍ വിശദീകരിച്ചു.

മലയാളി ഹാജിമാരെല്ലാം ഇതിനകം മക്കയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്നും തീര്‍ത്ഥാടകരെ വഹിച്ചുള്ള അവസാന വിമാനവും ബുധനാഴ്ച ജിദ്ദയിലെത്തിയിരുന്നു. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി വന്ന ഹാജിമാരും മക്കയിലേക്ക് തിരിച്ചെത്തി. തീര്‍ത്ഥാടകരുടെ സേവനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി 27 വളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

കെ.എം.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ഫ്രറ്റേണിറ്റി തുടങ്ങിയ മക്കയുടെ പരിസരത്ത് താമസിക്കുന്ന വളന്റിയര്‍മാരും ഹാജിമാര്‍ക്ക് സഹായങ്ങളുമായി രംഗത്തുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are