മലാലയ്ക്ക് പാക് പ്രധാനമന്ത്രിയാവാന്‍ മോഹം

  • Print

ഇസ്ലാമബാദ്: പാക് താലിബാന്റെ വെടിയേറ്റ മലാല യൂസഫ്‌സായ്ക്ക് പാകിസ്താന്‍ പ്രധനമന്ത്രിയാവണമെന്ന് ആഗ്രഹം. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട മലാല പാകിസ്താനെ രക്ഷിക്കാനുള്ള ആഗ്രഹമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. 

പാകിസ്താനില്‍ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം വേണമെന്ന ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പാക്-താലിബാന്‍ ഈ കൗമാരക്കാരിയെ ആക്രമിച്ചത്. തലയ്ക്ക് വെടിയേറ്റിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന മലാല രാഷ്ട്രീയപ്രവേശനമാണ് തന്റെ ജീവിതാഭിലാഷമെന്ന് വ്യക്തമാക്കുന്നു. ഇതിലൂടെ മാത്രമെ തന്റെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്നും ഈ കൗമാരക്കാരി അഭിപ്രായപ്പെട്ടു.

വിദേശ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിലൂടെയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും മാത്രമെ പാകിസ്താനെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് മലാലയുടെ ഉറച്ച വിശ്വാസം. സ്ത്രീകള്‍ക്കെതിരെയുള്ള താലിബാന്റെ നയങ്ങള്‍ക്കെതിരെ പതിനാറുകാരിയായ മലാല ഒരുപാട് തവണ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയില്‍ മലാല നടത്തിയ പ്രസംഗവും ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

ഇതിനോടകം തന്നെ മലാലയ്ക്ക് നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് നല്‍കുന്ന സുഖ്‌റോവ് പുരസ്‌ക്കാരമാണ് ഒടുവിലത്തേത്. 

അതേസമയം, സാമാധനത്തിനുള്ള പുരസക്കാരങ്ങള്‍ നല്‍കാന്‍ മാത്രം ഒന്നും മലാല ചെയ്തിട്ടില്ലെന്നാണ് താലിബാന്‍ പറയുന്നത്. മലാലയെ വീണ്ടും വധിക്കാന്‍ ശ്രമിക്കുമെന്നും പാശ്ചാത്യരാജ്യങ്ങളില്‍ വെച്ചും ഇതിന് മടിക്കില്ലെന്നും താലിബാന്‍ നേതൃത്ത്വം ഭീഷണി മുഴക്കി.