താജ്മഹലില്‍ പരസ്യം; മിസ് യൂണിവേഴ്‌സ് വിവാദത്തില്‍

ദില്ലി: താജ്മഹലില്‍ പരസ്യചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് മിസ് യൂണിവേഴ്‌സ് ഒലിവിയ കള്‍പോയ്‌ക്കെതിരെ പരാതി. ചെരുപ്പ് കമ്പനിയുടെ ഫോട്ടോഷൂട്ടിന് വേണ്ടി പ്രണയ കുടീരത്തിലെത്തിയ മിസ് യൂണിവേഴ്‌സാണ് വിവാദത്തില്‍പ്പെട്ടത്. പൈതൃക സ്മാരകങ്ങളെ പരസ്യചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ചു എന്നാണ് വിശ്വസുന്ദരിക്കെതിരായ പരാതി.

ശനിയാഴ്ച വൈകുന്നേരമാണ് ഫാഷന്‍ ഡിസൈനര്‍ സഞ്ജന ജോനിനും സംഘത്തിനുമൊപ്പം ഒലിവിയ താജ്മഹലില്‍ എത്തിയത്. ഏറെനേരം സംഘം ഇവിടെ ചെലവഴിച്ചു. സെന്‍ട്രല്‍ മാര്‍ബിള്‍ തടാകത്തിനടുത്തും മറ്റുമായി ഫോട്ടോഗ്രാഫര്‍മാര്‍ നിരവധി തവണ ഇവരെ ക്യാമറയില്‍ പകര്‍ത്തി. താജ്മഹലിനെ ബാക്ക്ഗ്രൗണ്ടാക്കിയാണ് ഇവരുടെ ചിത്രങ്ങള്‍ എടുത്തത്.

 

താജ്മഹലില്‍ പരസ്യം; മിസ് യൂണിവേഴ്‌സ് വിവാദത്തില്‍

 

ഒരു കാലില്‍ മാത്രം ചെരുപ്പണിഞ്ഞും മറ്റേ ചെരുപ്പ് കൈയ്യില്‍ പിടിച്ചുമാണ് വിശ്വസുന്ദരി ഫോട്ടോഷൂട്ടിന് പോസ് ചെയ്തത്. പോലീസോ താജ്മഹലിലെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരോ ചിത്രീകരണം തടഞ്ഞില്ല എന്നും പരാതിയില്‍ പറയുന്നു. ചരിത്രസ്മാരകങ്ങളെ പരസ്യത്തിനോ മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് സുപ്രീം കോടതിയുടെ വിധി.

താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം മനോഹരം, അവിശ്വനീയം എന്നിങ്ങനെ വര്‍ണിച്ച് ഒലിവിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കലും ഇവിടെയെത്താന്‍ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല എന്നും സുന്ദരി ട്വിറ്ററിലെ കുറിപ്പില്‍ പറഞ്ഞു. എയ്ഡ്‌സിനെതിരായ ബോധവത്ക്കരണം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെയുള്ള ക്യാംപെയ്‌നുകളുടെ ഭാഗമായി വിശ്വസുന്ദരി ഒലിവിയ 10 ദിവസത്തോളം ഇന്ത്യയില്‍ ചെലവഴിക്കും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are