Sound thoma

 

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവധികാലം ആഘോഷമാക്കാന്‍ വേണ്ടി ജനപ്രിയ നായകന്‍ വീണ്ടുമൊരു ജനപ്രിയ സിനിമയുമായിയെത്തി - സൗണ്ട് തോമ. ഇതുവരെ മലയാള സിനിമയില്‍ ആരും പരീക്ഷിക്കാത്ത കഥാപാത്രമാണ് ഈ സിനിമയില്‍ ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദത്തിന് വൈകല്യമുള്ള മുറിചുണ്ടുള്ള തോമ എന്ന നായക കഥാപാത്രത്തെയാണ് ദിലീപിന് വേണ്ടി ബെന്നി പി. നായരമ്പലം എഴുതിയത്. സംവിധാനം ചെയ്തിട്ടുള്ള മൂന്ന് സിനിമകളും സാമ്പത്തിക വിജയം നേടി വിജയവീഥിയില്‍ നില്‍ക്കുന്ന വൈശാഖാണ് സൗണ്ട് തോമ സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പ്രിയാഞ്ചലിയുടെ ബാനറില്‍സൗണ്ട് തോമ നിര്‍മ്മിച്ചിരിക്കുന്നത്. ഷാജിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും ഗോപി സുന്ദറാണ്. 

പിശുക്കനും കണിശക്കാരനുമായ പ്ലപറമ്പില്‍ പൗലോയ്ക്ക് മൂന്ന് മക്കളാനുള്ളത്. ആദ്യത്തെ മകന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെയും, രണ്ടാമത്തെ മകന്‍ ഒരു അനാഥ പെണ്‍കുട്ടിയെയും വിവാഹം ചെയ്തത്കൊണ്ട് മൂത്ത രണ്ടു മക്കളുമായും പൗലോ പിണക്കത്തിലാണ്. പൗലോയ്ക്കുള്ള ഏക പ്രതീക്ഷ ഇളയമകന്‍തോമയിലാണെങ്കിലും, തോമയ്ക്ക് ശ്രീലക്ഷ്മി എന്ന ഹിന്ദു പെണ്‍കുട്ടിയെ പ്രേമിക്കുന്നതിലുള്ള തത്രപാടിലാണ്. പതിനെട്ടടവുകളും പുറത്തെടുത്തിട്ടും തോമയെ ശ്രീലക്ഷ്മിക്ക് ഇഷ്ടമാകുന്നില്ല. ശ്രീലക്ഷ്മിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ തോമ ശ്രമിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ കഥ.
 
കഥ,തിരക്കഥ: ബിലോ ആവറേജ്
സ്പാനിഷ്‌ മസാലയ്ക്ക് ശേഷം ദിലീപിന് വേണ്ടി ബെന്നി പി. നായരമ്പലം എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. ദിലീപിന്റെ വ്യതസ്ത വേഷങ്ങളെല്ലാം തന്നെ സ്വീകരിച്ച പ്രേക്ഷകര്‍, മുറിച്ചുണ്ടുകാരനെയും സ്വീകരിക്കും എന്ന തോന്നല്‍ തെറ്റിയില്ല. തോമയുടെ കഥാപാത്രരൂപികരണവും സിനിമയുടെ മൂലകഥയും ഇഴുകിചേര്‍ന്നിരിക്കുന്നത്  സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ശബ്ദ വൈകല്യമുള്ള സമ്പന്ന കുടുംബത്തില്‍ ജനിച്ച തോമ, പാവപെട്ട കുടുംബത്തില്‍ ജനിച്ച ശ്രീലക്ഷ്മിയെ പ്രേമിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന ചില തമാശകളും ആസ്വദ്യകരമാണ്. പക്ഷെ, ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളില്‍ ഒരെണ്ണം പോലും ലോജിക്കില്ലാത്ത രീതിയില്‍ എഴുതിയിരിക്കുന്നത് എന്തുകൊണ്ടെന്നറിയില്ല. കുട്ടികളെയും കുടുംബിനികളെയും ചിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മനസ്സില്‍കണ്ടെഴുതിയത് കൊണ്ട്, അതിനൊന്നും ലോജിക്കിലെങ്കിലും കുഴപ്പമില്ല എന്ന തോന്നലായിരിക്കാം ബെന്നി പി. നായരമ്പലം ഇത്തരത്തിലുള്ള നിലവാരമില്ലാത്ത തിരക്കഥ എഴുതുവാനുള്ള കാരണം.  തോമയുടെ ചേട്ടന്റെ കല്യാണം നാട്ടുകാര്‍ നിര്‍ബന്ധിച്ചു നടത്തുന്ന രംഗങ്ങള്‍ തന്നെ മോശം തിരക്കഥയുടെ ഉദാഹരണമാണ്. കണ്ടുമടുത്തതും എളുപ്പത്തില്‍പ്രവചിക്കാനായതുമായ രംഗങ്ങള്‍ സിനിമയുടെ ആസ്വാദനത്തെ മോശം രീതിയില്‍ ബാധിചു. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും ഒക്കെ എഴുതിയ ബെന്നിയുടെ നിലവാരം ഇത്രയ്ക്ക് മോശമായി എന്ന് പ്രേക്ഷകര്‍ കരുതിയിട്ടുണ്ടാവില്ല.  
 
സംവിധാനം: ബിലോ ആവറേജ്
സംവിധായകന്റെ ആദ്യ സിനിമയല്ലേ, മെഗാ സ്റ്റാറും യുവ സൂപ്പര്‍സ്റ്റാറും അഭിനയിച്ച സിനിമയല്ലേ എന്ന പ്രേക്ഷകരുടെ തോന്നലാണ് പോക്കിരി രാജ എന്ന സിനിമയെ രക്ഷിച്ചത്‌. ഒരിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ 4 സുഹൃത്തുക്കള്‍ വീണ്ടും പഠിക്കനെത്തുക, അതിലൊരു കൗതുകവും സസ്പെന്‍സും ഉള്ളതുകൊണ്ട് സീനിയേഴ്സ് പ്രേക്ഷകര്‍ സ്വീകരിച്ചു. യുവ താരനിരയെ സംഘടിപ്പിച്ചു, മലയാളികള്‍ ഇന്നുവരെ കാണാത്ത പഞ്ചാബില്‍പോയി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ മല്ലു സിംഗും സംവിധായകന്റെയും നിര്‍മ്മതിവിന്റെയും ഭാഗ്യം കൊണ്ട് പ്രേക്ഷകര്‍സ്വീകരിച്ചു. മേല്പറഞ്ഞ മൂന്ന് സിനിമകളും സാമ്പത്തികമായി വിജയിച്ചപ്പോള്‍, ജനപ്രിയ നായകന്റെ സമ്മതവും വാങ്ങി, വീണ്ടുമൊരു തട്ടിക്കൂട്ട് സിനിമയുണ്ടാക്കി സംവിധയകന്‍. പക്ഷെ ഇത്തവണേ സംവിധായകന്‍ വൈശാഖിനു പിഴച്ചു എന്നതില്‍സംശയമില്ല. തോമ എന്ന കഥാപാത്രവും സിനിമയിലെ പാട്ടുകളും പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും, ആവര്‍ത്തന വിരസതയുള്ള ഈ സിനിമയിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. നിലവാരമില്ലാത്ത സിനിമയാണെങ്കിലും സൗണ്ട് തോമ വിജയിക്കുമെന്ന സംവിധായകന്റെ തോന്നലിനു ഉത്തരവാദികള്‍നമ്മള്‍ പ്രേക്ഷകരാണ്. തട്ടിക്കൂട്ട് സിനിമകള്‍ വിജയിക്കുമ്പോള്‍സംവിധായകനും നിര്‍മ്മാതാവും വീണ്ടുമൊരു തട്ടിക്കൂട്ട് സിനിമയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നതില്‍ അവരെ കുറ്റം പറയാനാകില്ല. ഈ സിനിമ കണ്ടിരിക്കാന്‍ പറ്റുന്ന പരുവത്തിലായത് ദിലീപ് എന്ന നടന്റെ അഭിനയവും, ഗോപി സുന്ദറിന്റെ പാട്ടുകളും കൊണ്ടാണ്. 
 
സാങ്കേതികം: എബവ് ആവറേജ്  
കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു ദിലീപ് സിനിമയ്ക്ക് വേണ്ടി ക്യാമറമാന്‍ ഷാജി പ്രവര്‍ത്തിക്കുന്നത്. കുട്ടനാടിന്റെ സൗന്ദര്യം മുഴുവന്‍ഒപ്പിയെടുക്കുവാന്‍ ഷാജിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകളുടെ ചിത്രീകരണം പ്രശംസനീയമാണ്. നല്ല കളര്‍ഫുള്‍രീതിയില്‍ ചിത്രീകരിച്ച പാട്ടുകളും, എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന വിഷ്വല്‍സും ഒട്ടേറെ പുതുമ നല്കി. മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശവും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ എന്നിവരുടെ ഗാനരചനയില്‍ ഗോപി സുന്ദര്‍ ഈണമിട്ട മൂന്ന് പാട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്.കണ്ടാല്‍ ഞാനൊരു സുന്ദരനാ...തോമ സ്റ്റൈല്‍ എന്ന പാട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ജോസഫ്‌ നെല്ലിക്കലാണ് കലാംസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീപിനെ മുറിച്ചുണ്ടനാക്കിയത് മേക്കപ്പ്മാന്‍ റോഷനാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചത് സായിയാണ്. നൃത്ത സംവിധാനം ഷോബി പോള്‍രാജും, സംഘട്ടനം മാഫിയ ശശിയും നിര്‍വഹിച്ചു. കുറെ നാളുകള്‍ക്കു ശേഷം ദിലീപിനെ മികച്ച രീതിയില്‍ ഡാന്‍സ് ചെയ്യിപ്പിച്ചതിന്റെ മുഴുവന്‍ പ്രശസകളും ഷോബി പോള്‍രാജിനുള്ളതാണ്.  
 
അഭിനയം: എബവ് ആവറേജ്   
ശബ്ദ വൈകല്യമുള്ള സൗണ്ട് തോമയെ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയിലെ നായകന്മാരില്‍ ദിലീപിന് മാത്രം സാധിക്കുന്ന കാര്യമാണ്. നൂറു ശതമാനം അത്മാര്‍ഥയോടെ ദിലീപ് തോമയെ അവതരിപ്പിച്ചതാണ് ഈ സിനിമ കണ്ടിരിക്കാന്‍ പറ്റുന്ന തരത്തിലെത്താനുള്ള കാരണങ്ങളില്‍ ഒന്ന്. ദിലീപിനൊപ്പം സായികുമാറും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ട്രാഫിക്‌, പുതിയ തീരങ്ങള്‍ എന്നീ സിനിമകളില്‍അഭിനയിച്ച നമിത പ്രമോദാണ് ഈ സിനിമയിലെ നായിക. ദിലീപ്, മുകേഷ്, സായികുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഷിജു, ഷാജു, ധര്‍മജന്‍, ബോള്‍ഗാട്ടി, കലാഭവന്‍ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കൊച്ചുപ്രേമന്‍, കലാശാല ബാബു, കലാഭവന്‍ ഹനീഫ്, ജോജു, മജീദ്‌, ചാലി പാല, നമിത പ്രമോദ്, രശ്മി ബോബന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. 
 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ദിലീപിന്റെ അഭിനയം 
2.ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകള്‍
3.പാട്ടുകളുടെ ചിത്രീകരണം

സിനിമയുടെ മൈനസ് പോയിന്റ്സ്:

1.പ്രവചിക്കനാവുന്ന കഥ

2.ബോറടിപ്പിക്കുന്ന തിരക്കഥ 
3.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

4.വൈശാഖിന്റെ സംവിധാനം  

5.ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍
 
സൗണ്ട് തോമ റിവ്യൂ: ദിലീപിന്റെ ആരാധകരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവധികാലത്ത് കണ്ടാസ്വദിക്കുവാന്‍ വേണ്ടിയുള്ള സിനിമയാണ് സൗണ്ട് തോമ. 
 
സൗണ്ട് തോമ റേറ്റിംഗ്: 4.00/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്] 
സംവിധാനം: 3/10 [ബിലോ ആവറേജ്] 
സാങ്കേതികം: 3/5 [എബവ് ആവറേജ്]  
അഭിനയം: 3/5 [എബവ് ആവറേജ്] 
ടോട്ടല്‍
 : 12/30 [4/10]

സംവിധാനം: വൈശാഖ് 
രചന: ബെന്നി പി.നായരമ്പലം 
നിര്‍മ്മാണം: അനൂപ്‌ 
ബാനര്‍: പ്രിയാഞ്ജലി 
ചായാഗ്രഹണം: ഷാജി 
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ  
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാംസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സായി 
നൃത്ത സംവിധാനം: ഷോബി പോള്‍രാജ്   
സംഘട്ടനം: മാഫിയ ശശി 
വിതരണം: മഞ്ജുനാഥ

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are