‘സണ്‍ ഓഫ് അലക്‌സാണ്ടറി’ല്‍ നായകന്‍ പൃഥ്വിരാജ്?

1990കളിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സാമ്രാജ്യത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ് കോളിവുഡ് സംവിധായകന്‍ പേരരശ്. മമ്മൂട്ടി നായകനായ സമ്രാജ്യത്തിന്റെ റീമേക്കില്‍ മമ്മൂട്ടിയുടെ മകന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് ആരാണെന്ന് പോലും സംവിധായകന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനാകുന്നതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നു ലഭിച്ച വിവരം.

സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്നുപേരിട്ട ചിത്രത്തില്‍ നായകസ്ഥാനത്തേക്ക് പൃഥ്വിരാജ്, ആസിഫലി, ദുല്‍ഖര്‍ സല്‍മാന്‍, ആര്യ എന്നിവരുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ പേരരശ് പൃഥ്വിരാജിനെയാണ് നായകനായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീമംഗം നല്‍കിയ വിവരം.

ആര്യയെയായിരുന്നു നായകനാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹത്തെ ഒഴിവാക്കി. പിന്നീട് നറുക്ക് വീണത് പൃഥ്വിരാജിനാണെന്നും ടീമംഗം പറയുന്നു.

അന്‍വര്‍, പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷന്‍ സാധ്യതയുള്ള വേഷങ്ങളാണ് പൃഥ്വിരാജിന്റെ കരിയറില്‍ ബ്രേക്കായത്. ഈ മാസം അവസാനത്തോടെ ചിത്രത്തിലെ നായികാനായകന്‍മാരെ പ്രഖ്യാപിക്കാനാണ് പേരരശിന്റെ തീരുമാനം.

അതിനിടെ, സിനിമാ തിരക്കുകാരണം പൃഥ്വി ഈ ചിത്രം ഏറ്റുടുക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്. ഇപ്പോള്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മിലിനും റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസിനുമായി മാറ്റിവെച്ചിരിക്കുകയാണ് പൃഥ്വി ഈ മാസവും അടുത്തമാസവും. അഥവാ പൃഥ്വി ഈ ചിത്രത്തില്‍ നായകനാവുകയാണെങ്കില്‍ തന്നെ ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമേ ഷൂട്ടിംഗ് തുടങ്ങാനാവൂ.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are