Kabali review

Kabali- latest review by Unni warrier Cabali malayalam review Kabali latest news

കബാലിയുടെ ആദ്യ പ്രദർശനം കണ്ടിറങ്ങിയപ്പോൾ മനസ്സു നിറയെ ആ മനുഷ്യനോടുള്ള ആദരവും സ്നേഹവും നിറഞ്ഞു തുളുമ്പുകയായിരുന്നു. ഒരു ഇന്ത്യൻ നടൻ ലോക സിനിമാമാർ
ക്കറ്റിന്റെ നെഞ്ചിടിപ്പു നിയന്ത്രിക്കുന്ന രണ്ടര മണിക്കൂറാണു കടന്നു പോയത്. കബാലി നല്ല സിനിമയോ പൊട്ട സിനിമയോ ആകാം. ഇനിയുള്ള ദിവസങ്ങളിലാണ് അതു തീരുമാനിക്കുക. എന്നാൽ രജനീകാന്ത് എന്ന മനുഷ്യൻ നെഞ്ചുവിരിച്ചു ലോക സിനിമയോടു പറയുന്നു, ‘മകിഴ്ച്ചി’ . എന്നുവച്ചാൽ ചിയേഴ്സ്. ലോക സിനിമ തിരിച്ചു പറയുന്നു, ‘മകിഴ്ച്ചി’.
ഹോളിവുഡ് സിനിമകൾപോലും ഇന്ത്യൻ മാർക്കറ്റിൽ കടന്നു കയറാൻ പ്രയാസപ്പെട്ടു നിൽക്കുകാലം. ദേശീയ ഭാഷയായ ഹിന്ദിയിൽ താരങ്ങൾ വിലസുന്ന കാലം. ഇന്ത്യയുടെ അറ്റത്തുകിടക്കുന്ന ഒരു നാട്ടിൽ അവിടെ മാത്രം സംസാരിക്കുന്ന ഒരു ഭാഷയിൽ നിർമ്മിക്കുന്ന ചിത്രത്തിനു വേണ്ടി ലോകം കാത്തു നിൽക്കുന്നു. അതും അറുപത്തിയാറുവയസ്സായ ഒരാൾ നായകനായ സിനിമ. ആ സിനിയെ പേടിച്ചു ഹോളിവുഡു സിനിമകൾ അവരുടെ ആഗോള റീലീസ് തിയ്യതി പുതുക്കുന്നു. ഒരു ഇന്ത്യക്കാരനു അഭിമാനിക്കാൻ ഇതിൽക്കൂടുതൽ എന്തുവേണം.
നടൻ ശ്രീനിവാസന്റെ എഴുതിയ ‘കഥ പറയുമ്പോൾ’ എന്ന സിനിമയുടെ കഥയാണു കുശേലൻ എന്ന രജനി സിനിമയായത്. ശ്രീനിയെ വീട്ടിലേക്കു വിരുന്നിനു ക്ഷണിച്ച രജനി ശ്രീനി ഇറങ്ങുമ്പോൾ കൂടെ ഇറങ്ങി. പുറത്തു വരാന്തയിൽ രജനിയുടെ രണ്ടോ മൂന്നോ വയസ്സുള്ള പേരക്കുട്ടി കളിക്കുന്നുണ്ടായിരുന്നു. തന്നെ നോക്കാതെ പോകുന്ന മുത്തഛനെ കണ്ടു കുട്ടി ‘താത്താാാാാ ’ എന്നു വിളിച്ചു.അതോടെ രജനി വെട്ടിത്തിരിഞ്ഞു മുടി മാടിയൊതുക്കി ശരിക്കും രജനി സ്റ്റൈലിൽ കുട്ടിയുടെ അടുത്തെത്തി നാടകീയമായി ചോദിച്ചു. ‘യാരടാ താത്താ. ഞാനാ ? പോയി രജനി പടം ശിവാജി പാരടാ ’ .
കുട്ടി പോലും ചിരിച്ചുപോയി. തന്നെക്കാൾ 60 വയസ്സെങ്കിലും താഴെയുള്ള സിനിമയെക്കുറിച്ചു ഒന്നുമറിയാത്ത സ്വന്തം പേരക്കുട്ടിയെപ്പോലും വിസ്മയിപ്പിക്കാൻ ഈ മനുഷ്യനു കഴിയുന്നു. എവിടെയോ ഒരു ഊർജ്ജം ഈ മനുഷ്യൻ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. കബാലി സിനിമയിൽ ‘നെര്പ്പ് ഡാ’ എന്നു പറയുന്നതു അക്ഷരാർഥത്തിൽ ശരിയാണ്. എവിടെയോ ഒരു ചൂട് ഈ മനുഷ്യന്റെ ഫോട്ടോ കാണുമ്പോൾ പോലും വിരൽ മുതൽ കയറി കയറി വരുന്നു.
ഒരു സ്വകാര്യ ചടങ്ങിൽ പ്രിയദർശനോടൊപ്പം ഇരിക്കുന്ന സമയത്തു അപ്രതീക്ഷിതമായി കയറി വന്ന രജനിസാറിനെ ഒാർമ്മയുണ്ട്. ഒരു നിമിഷാർദ്ധത്തിൽ പ്രിയദർശൻ പരിചയപ്പെടുത്തി. ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ വിറച്ചുപോയി. പേരു പറയാൻ ഒന്നു മടിച്ചതോടെ അദ്ദേഹം പരിചയപ്പെടുത്തി, ‘ഞാൻ രജനികാന്ത് ’. പരിചപ്പെടുമ്പോൾ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ രോഷം കൊള്ളുന്ന താരങ്ങൾക്കിടയിലാണ് ഈ മനുഷ്യനും ജീവിക്കുന്നത്. സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്ക്കു സാർ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഇതു കെട്ടുകാഴ്ചയല്ല. മനസ്സിനകത്തുനിന്നു വരുന്ന വാക്കുകളാണ്. ഏതെങ്കിലും മനുഷ്യന് ഇതിലും കൂടുതൽ താഴാനാകുമോ, ഇതിൽ കൂടുതൽ തല ഉയർത്താനാകുമോ. കനം വയ്ക്കുന്തോറും കുനിയുന്ന നെൽക്കതിർ പോലെ ഒരു മനുഷ്യൻ.
തന്റെ കഷണ്ടിയും കറുപ്പു നിറവും വിണ്ടുതുടങ്ങിയ ചുണ്ടുകളും പ്രായം അറിയിക്കുന്ന വിരലുകളും പാറിപ്പറന്ന നരച്ച മുടിയും ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്ത നടൻ. തനിക്കു പ്രായം തികഞ്ഞ കുട്ടികളുണ്ടെന്നു പറയാൻ മടിക്കുന്ന താരങ്ങളുടെ കാലമാണിത്. അഛനോളം പ്രായമുള്ള,കറുത്ത നിറമുള്ള തന്നെ നായകനാക്കിയതിനു ഐശ്വര്യ റായിയോടു പരസ്യമായി നന്ദി പറഞ്ഞ ഒരാൾ. വിഗ്ഗ് ഇളകിപ്പോകുമെന്നു പേടിച്ചു ജനത്തിനിടയിലേക്കു പോകാൻ മടിക്കുന്ന നടന്മാരുടെയും നടിമാരുടെയും നടന്മാരുടെയും നാടാണിതെന്നോർക്കണം.
രജനി കാൽ നിലത്തുരയ്ക്കുമ്പോൾ് ബൂട്ടിൽനിന്നു തീ പറക്കാറുണ്ട്. അടിക്കുമ്പോൾ പത്തും ഇരുപതും പേർ പന്തുപോലെ തെറിക്കാറുണ്ട്.ഒരു കെട്ടിടത്തിൽനിന്നു അടുത്ത കെട്ടിടത്തിലേക്കു പറക്കാറുണ്ട്. വെടിയുണ്ട കാണുമ്പോൾ ഒഴിഞ്ഞു മാറാറുണ്ട്, പിടിച്ചെടുത്തിട്ടുണ്ട്. ബസിനെ കാലുകൊണ്ടു ചവിട്ടി തടഞ്ഞു നിർത്താറുണ്ട്. ഇതെല്ലാം മണ്ടത്തരമല്ലെ എന്നു ചോദിക്കാം. ആയിരിക്കാം. എന്നാൽ ഈ മനുഷ്യൻ ചെയ്യുമ്പോൾ അതൊന്നും മണ്ടത്തരമാകുന്നില്ല. കാരണം അറുപത്തിയഞ്ചാം വയസ്സിൽ ലോകത്തെ മുഴുവൻ തന്റെ സിനിമയ്ക്കുവേണ്ടി ഉറങ്ങാതെ ഒരു മനുഷ്യന് ഇരുത്താമെങ്കിൽ ഇതെല്ലാം ചെയ്യുന്നതിനും ഒരു പ്രയാസവുമില്ല.
ഒരു പ്രാദേശിക ഭാഷാ സിനിമയ്ക്കു ഹോളിവുഡിനെ വിറപ്പിക്കാനുള്ള നെഞ്ചൂക്കുണ്ടാക്കി കൊടുത്ത ഒരു മനുഷ്യനു ഇതിലും ഇതിലപ്പുറവും ചെയ്യാനാകും. കോടിക്കണക്കിനാളുകളുള്ള ചൈനീസ് സിനിമയ്ക്കുപോലും ഇതു ചെയ്യാനായിട്ടില്ല. ഇതു ലോട്ടറിയടിച്ചതുപോലെ സംഭവിക്കുന്നതുമല്ല. 92ൽ അണ്ണാമലൈ,മന്നൻ,93ൽ യജമാൻ, ഉഴൈപ്പാളി,95ൽ ബാഷ, മുത്തു,99ൽ പടയപ്പ,2005ൽ ചന്ദ്രമുഖി,2007ൽ ശിവജി, 2010ൽ യന്തിരൻ. രജനികാന്ത് ജനിച്ചിട്ടു 66 വർഷമായി. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ടു 41 വർഷമായി. അദ്ദേഹം അഭിനയം തുടങ്ങുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്തവരുട പേരക്കുട്ടികളാണ് ഈ മനുഷ്യനുവേണ്ടി തിയറ്ററിൽ നെഞ്ചുപൊട്ടി അലറുന്നത് എന്നോർക്കണം.
കണ്ണാടി നോക്കുമ്പോൾ പുറകിൽനിന്നു വരുന്ന കത്തിയുമായി ചാടിവീണയാളുടെ നെഞ്ചിലൂടെ ആ കത്തിതന്നെ കുത്തുന്ന കബാലിയിലെ ഒരൊറ്റ സീൻമതി രജനിയെന്ന ആക്ഷൻ ഹീറോയെ നമിക്കാൻ. ഇതുകൊണ്ടുമാത്രം കബാലി എന്ന സിനിമ മുതലാകും. തോക്കും തോളിൽവച്ചു മലേഷ്യയിലെ ട്വിൻ ടവറിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന മനുഷ്യനെ കണ്ടാൽ കബാലി മനസ്സിൽ നിൽക്കും. കബാലി ലൊക്കേഷനിൽ പെട്ടിപ്പുറത്തിരുന്നു കയ്യിലെ സ്റ്റീൽ പ്ളേറ്റിൽനിന്നു ഊണു കഴിക്കുന്ന പ്രായം ചെയ്യ ഈ മനുഷ്യന്റെ ഫോട്ടോ കണ്ടാൽ മനസ്സിലാകും കബാലി ആരാണെന്ന്. ഈ രാജ്യത്തിന്റെ ദാരിദ്ര്യത്തെയും രാഷ്ട്രീയ അസ്ഥിരതയെയും കലാപത്തെയും പെരുപ്പിച്ചു പ്രചരിപ്പിക്കുന്ന വിദേശ മാധ്യമങ്ങൾ ഈ മനുഷ്യന്റെ 30 സെക്കന്റിനുവേണ്ടി കാത്തുനിൽക്കുന്നതു കാണുമ്പോൾ മനസ്സിലാകും രജനീകാന്ത് ആരാണെന്ന്. രാജ്യം ഒരു ദേശീയ ഗാനത്തിലെന്നപോലെ ഒരുമിച്ചു എഴുനേറ്റുനിന്നു പറയുന്നു, ‘നെരിപ്പുഡാ.'

Comments   

 
0 #2 jagan 2016-07-31 12:52
:P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P :P
Quote
 
 
0 #1 jagan 2016-07-31 12:49
Hi sirrrr
RAJANI SIR
RAJANI SIR RAJANI SIR
RAJANI SIR RAJANI SIR
LONG LIVE
GOD BLESS YOU SIR
LOVE YOU SIR
LIKE YOU SIR
MISS YOU SIR
LONG LIVE LONG LIVE LONG LIVE LONG LIVE
Eagerly waiting to see you sir,,, to meet you sir
please allow me sir,,,, pleazzzzzzzzzzz zzzzze
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are