H¼¡« ©dQ® o¢c¢h Share on facebook Share on twitter More Sharing Services ഭാവനയെ കെട്ടുന്നത് ഞാനല്ല: അനൂപ് മേനോൻആംഗ്രി ബേബീസ് എന്ന സിനിമ 25 ദിവസം പൂർത്തിയാക്കി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിലെ നായകൻ അനൂപ് മേനോന്റെ  അഭിമുഖത്തിനായി ശ്രമിച്ചത്. മൂന്നു ദിവസത്തോളം ശ്രമിച്ച ശേഷമാണ് ഇന്റർവ്യൂവിന് അവസരം ലഭിച്ചത്. തിരക്കിലായതു കൊണ്ടാവണം, ഫോണിലൂടെ പോരേ എന്ന് അനൂപ് ഇങ്ങോട്ട് ചോദിച്ചതാണ്. എന്നാൽ നേരിട്ട് തന്നെ വേണമെന്ന് ശഠിച്ചു.

അങ്ങനെയാണ് തിരുവനന്തപുരം വഴുതയ്ക്കാടുള്ള താജ് വിവാന്റയിൽ എത്താൻ അനൂപ് മേനോൻ പറഞ്ഞത്. പറഞ്ഞ സമയത്ത്, ആറു മണിക്ക് തന്നെ വിവാന്റയിലെത്തി. അവിടെ റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ അനൂപ് പുറത്തു പോയല്ലോ എന്നായിരുന്നു മറുപടി. അൽപനേരം കാത്തിരിക്കാൻ തീരുമാനിച്ചു. കാണാതായപ്പോൾ മൊബൈലിലേക്ക് വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ഇതാ വരുന്നു എന്ന മറുപടി കിട്ടി. 

പത്തു മിനിട്ടിനകം അനൂപ് എത്തി. ജീൻസും ഷർട്ടും ധരിച്ച, സിനിമയിൽ മാത്രം കണ്ടിട്ടുള്ള സുന്ദരനായ ചെറുപ്പക്കാരൻ പടികടന്നു വന്നു. സിനിമാ താരമാണെന്ന ജാഡയോ തലക്കനമോ ഇല്ലാതെ അനൂപ്  റിസപ്ഷനിൽ എനിക്ക് അഭിമുഖമായി ഇരുന്ന് പറഞ്ഞ് തുടങ്ങി...

ആംഗ്രി ബേബീസ് 25 ദിവസം പിന്നിട്ടു. അതേക്കുറിച്ച്?
ആംഗ്രി ബേബീസ് 25 ദിവസം പിന്നിട്ട് മുന്നേറുന്നതിൽ സന്തോഷമുണ്ട്. കാരണം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ആംഗ്രി ബേബീസ് വിജയിച്ചത്. ഒരിക്കലും സിനിമ റിലീസ് ചെയ്യരുതാത്ത ഒരു സമയത്താണ് ഈ സിനിമ റിലീസ് ചെയ്തത്. മഴ, റംസാൻ നോന്പ്, ഫുട്ബോൾ, പിന്നെ രണ്ട് സിനിമകൾ (ബാംഗ്ളൂർ ഡേയ്സ്, ഹൗ ഓൾഡ് ആർ യു) ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയം എന്നിവയായിരുന്നു വെല്ലുവിളികൾ. ഈ അഞ്ച് പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് സിനിമ വിജയിച്ചത്. ഇതിനോടകം തന്നെ മൂന്ന് കോടിയോളം ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു ആംഗ്രി ബേബീസ്.

സീരിയസ് റോളിൽ നിന്ന് കോമഡിയിലേക്കുള്ള മാറ്റം?
പൂർണമായും കോമഡിയിലേക്കുള്ള എന്റെ ആദ്യത്തെ മാറ്റം കൂടിയാണ് ഈ സിനിമയിൽ കണ്ടത്. സീരിയസായ വേഷത്തിൽ നിന്ന് കോമഡി ചെയ്യുന്പോൾ അത് സ്വീകരിക്കപ്പെടുമോയെന്ന് എല്ലാവർക്കും ഭയമുണ്ടായിരുന്നു. സ്വാഭാവികമായും ഞാനും അതേക്കുറിച്ച് ഭയപ്പെട്ടിരുന്നു. കാരണം ഞാൻ ഒരിക്കലും എന്റെ ജഡ്ജ് അല്ല എന്നതു തന്നെ.  പക്ഷേ വലിയൊരു ജനക്കൂട്ടം അതിനെ പിന്തുണച്ചു. ആ ശ്രമം പാളിയിരുന്നെങ്കിൽ സിനിമ ഒരുപക്ഷേ പരാജയപ്പെടുമായിരുന്നു. അതിനാൽ തന്നെ ആംഗ്രി ബേബീസ് എന്ന സിനിമ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. തിരക്കഥ, ബ്യൂട്ടിഫുൾ എന്നീ സിനിമകൾ പോലെ എന്റെ കരിയറിലെ ടേണിംഗ് പോയിന്റാണ് ഈ സിനിമ.

ചിത്രത്തിന്റെ സംവിധായകൻ സജി സുരേന്ദ്രനുമായുള്ള ബന്ധം?
സജിയുമായി ഏകദേശം 15 കൊല്ലത്തോളമുള്ള ബന്ധമാണുള്ളത്. ഒരുമിച്ച് ചെയ്ത ആദ്യത്തെ ടെലിഫിലിം ഡിസംബർ മിസ്റ്റ് ആണ്. അതിന് സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. ഒരായിരം തവണയെങ്കിലും വീണ്ടും അത് സംപ്രേഷണം ചെയ്തിട്ടുണ്ടാവും. അന്നേ ഒരു നല്ല ടെക്നീഷ്യനായിരുന്നു സജി സുരേന്ദ്രൻ. അന്ന് ഞാൻ പറഞ്ഞ കഥയാണ് ആംഗ്രി ബേബീസിന്റേത്. 15 കൊല്ലം മുന്പ് ഈ കഥ പറയുന്പോൾ ഞാനും സജിയും സിനിമയിൽ ഇല്ല. രണ്ടു വഴിക്ക് സഞ്ചരിച്ചതും സിനിമയിലെത്തിയതും. വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് ഞങ്ങൾക്ക് ഒരുമിക്കാൻ അവസരം ലഭിച്ചത്. 

സിനിമയ്ക്ക് പിന്നിലെ ടീം വർക്കിനെ കുറിച്ച്?
സജിയുടെ ടീം എന്ന് പറയുന്നത് ഒരു ഫാമിലി പോലെയായിരുന്നു. അവിടെ സംവിധായകനും സഹസംവിധായകനും എന്നൊന്നുമില്ല. ചേട്ടനും അനിയന്മാരും തമ്മിലുള്ള ഒരു ബന്ധമായിരുന്നു. നല്ലൊരു എക്സ്പീരിയൻസായിരുന്നു ആ സിനിമയുടെ ഷൂട്ടിംഗ്. അനിൽ നായരുടെ കാമറ എടുത്തു പറയേണ്ടതായിരുന്നു. കണ്ടിരിക്കാൻ ഭംഗിയുള്ള ഫ്രെയിമുകളും സുജിത്തിന്റെ ആർട്ട് ഡയറക്ഷനും കൃഷ്ണ പൂജപ്പുരയുടെ സ്ക്രിപ്റ്റും ഒക്കെ കൊണ്ട് മനോഹരമായിരുന്നു സിനിമ. 

മിനി സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കുള്ള മാറ്റത്തെ കുറിച്ച്?
സീരിയൽ രംഗത്ത് നിന്ന് സിനിമയിലേക്കുള്ള മാറ്റം വളരെ പാടാണ്. സീരിയലിൽ അഭിനയിക്കുന്നത് കൊണ്ടുള്ള പ്രധാന പ്രശ്നം സിനിമയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. കാരണം സീരിയലിൽ നിന്ന് സിനിമയിലേക്ക് വന്ന ഒരാളെ പ്രേക്ഷകർ സ്വീകരിക്കണമെന്നില്ല. ഒരുപക്ഷേ ഞാൻ മാത്രമായിരിക്കും സീരിയലിൽ നിന്ന് സിനിമയിലേക്ക് വന്ന് ഇത്ര സ്വീകാര്യത നേടിയത്.

സീരിയലിൽ നിന്ന് വന്ന് സിനിമയിൽ നായകനാവാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.  അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് പ്രേക്ഷകരോടാണ്. 75 സീരിയലുകൾ വരെ ചെയ്തവരുണ്ട്. എന്നാൽ വെറും അഞ്ചോ ആറോ സീരിയലുകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. സീരിയലിൽ എന്നെ ഇഷ്ടപ്പെടുന്ന കുടുംബ പ്രേക്ഷകരാണ് ഈ സിനിമയുടെയും വിജയത്തിന് പിന്നിൽ. ആ ഒരു ഇഷ്ടം സീരിയൽ കഴിഞ്ഞ് സിനിമയിൽ എത്തിയപ്പോഴും അവർ എനിക്കു തന്നു. എന്റെ പ്രതിഭയെക്കാളുമേറെ അവർക്കുള്ള ആ ഇഷ്ടമാണ് ഈ സിനിമയുടെ വിജയത്തിന് കാരണമായതെന്നും ഞാൻ കരുതുന്നു. ഇനി സീരിയലിലേക്ക് മടങ്ങാനുള്ള സാദ്ധ്യത കുറവുമാണ്.

സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച്?
അടുത്ത അഞ്ചു വർഷത്തേക്ക് സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല.

ഏത് സംവിധായകനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം?
ഒരുപാടുപേരുണ്ട്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, റോഷൻ ആൻഡ്രൂസ്, അൻവർ റഷീദ്, ആഷിക് അബു, ജോഷി തുങ്ങിയവർക്കൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

ഡ്രീം റോൾ?
അങ്ങനെയൊന്നുമില്ല.

പൂർണ സംതൃപ്തി നൽകിയ കഥാപാത്രം?
അങ്ങനെ പൂർണതൃപ്തി നൽകിയൊരു കഥാപാത്രം ഇല്ല. എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് ആംഗ്രി ബേബീസിലെ ഫ്രീൻലാൻസ് ഫൊട്ടോഗ്രാഫറായ ജീവൻ എന്ന കഥാപാത്രം തന്നെയാണ്. ട്രാഫിക്കിലെ കമ്മിഷണർ, ബ്യൂട്ടിഫുളിലെ ജോൺ, ട്രിവാൻഡ്രം ലോഡ്ജിലെ രവിശങ്കർ, 1983ലെ ക്രിക്കറ്റ് കോച്ച്, ഈ അടുത്ത കാലത്ത് എന്ന സിനിമയിലെ പൊലീസ് ഓഫീസർ തുടങ്ങിയ കഥാപാത്രങ്ങളോടും ഇഷ്ടം തോന്നിയിട്ടുണ്ട്.

ഏത് നടിക്കൊപ്പമാണ് കൂടുതൽ അഭിനയിക്കണമെന്ന് തോന്നിയിട്ടുള്ളത്? 
അങ്ങനെയൊന്നുമില്ല. അത് നമ്മുടെ ചോയിസ് അല്ല. സംവിധായകനാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. എനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും ഞാൻ കംഫർട്ടബിളാണ്. അത് ഭാവനയോ, പ്രിയാമണിയോ മേഘ്‌നയോ ആരായാലും അങ്ങനെ തന്നെ.

ഭാവനയുമായുള്ള രസതന്ത്രം?
ഭാവന അടുത്ത സുഹൃത്താണ്, കൂടാതെ മികച്ചൊരു നടിയുമാണ്. ഇതു രണ്ടും ചേ‌ർന്നപ്പോൾ ആംഗ്രി ബേബീസിൽ നായികയായി വേറൊരു നടിയെ നിർദ്ദേശിക്കാനുണ്ടായിരുന്നില്ല. ഭയങ്കരമായി എന്നോട് ഒടക്കുകയും അതുപോലെ പ്രണയിക്കുകയും ചെയ്യുന്ന രണ്ട് ഏരിയകളായിരുന്നു ഞങ്ങളുടേത് അത്. നായികയായി ഭാവനയെ സജി നിർദ്ദേശിച്ചപ്പോൾ ഞാൻ ഹാപ്പിയായിരുന്നു.  ട്രിവാൻഡ്രം ലോഡ്ജിൽ ഞങ്ങൾ അഭിനയിച്ചിരുന്നു. നല്ല കംഫർട്ടബിളായിരുന്നു ഭാവനയുമായുള്ള അഭിനയം.

ഭാവനയുമായുള്ള ഗോസിപ്പുകളോട് എങ്ങനെ പ്രതികരിക്കുന്നു?
ഉത്തരം ചോദ്യത്തിൽ തന്നെയുണ്ട്. ഭാവനയുമായി ഞാൻ പ്രണയത്തിലല്ല. നല്ലൊരു സൗഹൃദം ഞങ്ങൾ തമ്മിലുണ്ട്. അവൾ അടുത്ത വർഷം കല്യാണം കഴിക്കുന്നുണ്ട്. എന്നാൽ അത് വേറൊരാളെയാണ്.

വിവാഹത്തെ കുറിച്ച്?
വിവാഹം തീരുമാനിച്ചാൽ ഉറപ്പായും എല്ലാവരെയും അറിയിക്കും. സമീപഭാവിയിൽ വിവാഹം ഉണ്ടാവുമോയെന്ന് പറയാനാവില്ല, എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോൾ ഈ വർഷം അല്ലെങ്കിൽ അഞ്ചു വർഷം കഴിഞ്ഞാവാം. സിനിമാ രംഗത്ത് നിന്ന് തന്നെ വിവാഹം കഴിക്കണം എന്ന വാശിയൊന്നുമില്ല. വിവാഹം കഴിക്കുന്ന പെൺകുട്ടിയെ കുറിച്ചും സങ്കൽപങ്ങളൊന്നുമില്ല.

പുതിയ സിനിമകൾ?
ലാൽ ജോസിന്റെ വിക്രമാദിത്യൻ, ദീഫൻ സംവിധാനം ചെയ്യുന്ന ഡോൾഫിൻസ് എന്നിവയാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമകൾ.
ലാൽ ജോസിന്റെ തന്നെ മറ്റൊരു സിനിമയും ശ്യാമപ്രസാദുമായുള്ള സിനിമയെ കുറിച്ചും ചർച്ച നടക്കുന്നുണ്ട്, മാർട്ടിൻ പ്രക്കാട്ടുമായുള്ള ഒരു സിനിമ തീരുമാനമായി കഴിഞ്ഞു. 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are