മാരത്തണ്‍ വേദിയില്‍ മഞ്ജുവിന്‍റെ പുതിയ തുടക്കം

കൊച്ചി: ജീവിതം ഒരു ഓട്ടപ്പന്തയമാണെങ്കില്‍ അതിന്റെ സ്റ്റാര്‍ട്ടിങ് പോയിന്‍റിലായിരുന്നു മഞ്ജുവാര്യര്‍. കൊച്ചി ഹാഫ് മാരത്തണിന്റെ ആരവങ്ങള്‍ക്കിടയില്‍ ആക്ഷന്‍ എന്ന ശബ്ദമുയര്‍ന്നപ്പോള്‍ ഇന്നലെകളെ വീണ്ടെടുക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ അഭിനേത്രി. വേഗത്തിന്റെ വിയര്‍പ്പുതുള്ളികള്‍ വീണുചിതറിയ മഹാരാജാസ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലൂടെ ആള്‍പ്പുഴയിലൊരാളായി ഒഴുകുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് നാളെയെക്കുറിച്ചുള്ള ആകുലതകളില്ലായിരുന്നു, പകരം ഓടിത്തീര്‍ക്കാനുള്ള ദൂരങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസം മാത്രം.

കല്യാണ്‍ ജുവലേഴ്‌സ് പരസ്യചിത്രത്തിലൂടെ അമിതാഭ് ബച്ചന്റെ വിരല്‍പിടിച്ച് അഭിനയത്തിലേക്ക് തിരിച്ചുവന്ന മഞ്ജുവാര്യരുടെ സിനിമാജീവിതത്തിലെ രണ്ടാംജന്മത്തിനാണ് കൊച്ചി മാരത്തണ്‍ സാക്ഷിയായത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെയാണ് താരാകാശത്തിലേക്ക് മഞ്ജുവിന്റെ മടങ്ങിവരവ്. കൊച്ചിയില്‍ റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥയായ നിരുപമയുടെ വേഷമാണ് മഞ്ജുവിന്. സിനിമയില്‍ നിര്‍ണായകമായ 35-ാമത്തെ സീനും തുടര്‍ച്ചകളുമാണ് മഹാരാജാസ് ഗ്രൗണ്ടില്‍ ചിത്രീകരിച്ചത്. കൊച്ചി മാരത്തണില്‍ പങ്കെടുക്കാനെത്തിയ നിരുപമ ഓട്ടക്കാര്‍ക്കിടയിലേക്ക് കടന്നു നില്‍ക്കുന്നതായിരുന്നു ആദ്യഷോട്ട്. 

പതിനാലുവര്‍ഷത്തിനിപ്പുറം മലയാളസിനിമയിലേക്കുള്ള ഒരു നടിയുടെ ചേര്‍ന്നുനില്ക്കല്‍ കൂടിയായി അത്. പിന്നെ ട്രാക്ക് നിറഞ്ഞുപാഞ്ഞ ഓട്ടക്കാര്‍ക്കൊപ്പം 15574 എന്ന നമ്പറുമായി അത്‌ലറ്റിനെപ്പോലെ അണിചേര്‍ന്നുകുതിക്കുന്ന രംഗം. 'പത്രം' എന്ന ചിത്രത്തില്‍ എന്‍.എഫ്.വര്‍ഗീസ് ചൂണ്ടിയ തോക്കിന്‍മുനയില്‍ അവസാനിപ്പിച്ച അഭിനയമെന്ന അഭിനിവേശത്തെ ആ നിമിഷം മഞ്ജുവാര്യര്‍ ചുവടുകളില്‍ ആവാഹിച്ചെടുത്തു. മാരത്തണില്‍ പങ്കെടുക്കുന്ന നിരുപമയുടെ ദൃശ്യങ്ങള്‍ എം.ജി.റോഡും ഹാര്‍ബര്‍പാലവുമുള്‍പ്പെടെ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് പകര്‍ത്തിയത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സ്ഥിരം ക്യാമറാമാനായ ദിവാകറിന്റെ നേതൃത്വത്തില്‍ ഹെലിക്യാം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയായിരുന്നു ഷൂട്ട്.

മാരത്തണിന് മുമ്പ് വാംഅപ് ചെയ്യുന്ന നിരുപമയുടെ ഷോട്ട് ട്രാക്കിന് പുറത്ത് ചിത്രീകരിച്ചു. നിറഞ്ഞ ഗ്യാലറിയും മാരത്തണില്‍ പങ്കെടുക്കാനെത്തിയവരും ചേര്‍ന്നപ്പോള്‍ കാണികളുടെ വന്‍വൃത്തം തന്നെ ഷൂട്ടിങ് സ്ഥലത്തിന് ചുറ്റും രൂപപ്പെട്ടു. റോഷന്റെയും സംഘത്തിന്റെയും നാലുക്യാമറകള്‍ക്കുപുറമേ ചാനല്‍ക്യാമറകളും എണ്ണമറ്റ മൊബൈലുകളും കൂടി കണ്ണുതുറന്നതോടെ മാധ്യമ ശ്രദ്ധയുടെയും ജനപിന്തുണയുടെയും സാന്നിധ്യത്തില്‍ ആഘോഷ ച്ഛായയിലായി മഞ്ജുവിന്റെ സിനിമയിലേക്കുള്ള മടക്കം. 

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരും ഷൂട്ടിങിന് സാക്ഷികളാകാനെത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങള്‍. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന സന്ദേശം പകര്‍ന്ന് പെണ്‍കരുത്തിന്റെ കഥ പറയുന്ന 'ഹൗ ഓള്‍ഡ് ആര്‍ യു'വിന്റെ അടുത്ത ഘട്ട ചിത്രീകരണം ജനവരി അവസാനവാരത്തില്‍ തുടങ്ങും. മെയ് ഒന്നിനാണ് റിലീസ്. 
manju warrier how old are you roshan andrews manju warrier returning film,kochi marathon manju warrier latest news

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are