mohanlal new blog on delhi election

ആം ആദ്മിയെ പ്രശംസിച്ച് മോഹൻലാൽ

തിരുവനന്തപുരം: ‌ഡൽഹി തിരഞ്ഞെടുപ്പില്‍ ഗംഭീരവിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെ പ്രശംസിച്ചും നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ വിമര്‍ശിച്ചും നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. "വെളിപാട്, എല്ലാ മനുഷ്യരുടെയും ഉള്ളിലെ ഊര്‍ജം' എന്ന തലക്കെട്ടിലുള്ള ബ്ലോഗില്‍ ആം ആദ്മിയുടെ ജയത്തെ മാറ്റത്തിന്റെ സൂചനയായാണ് ലാല്‍ കാണുന്നത്.
ഞാന്‍ ഒരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകനോ അംബാസഡറോ അല്ല. അവരെയാരെയും വ്യക്തിപരമായി അറിയുകയുമില്ല. ഇത് ഒരു പാര്‍ട്ടിക്കുമുള്ള പിന്തുണക്കുറിപ്പും അല്ല. എന്നാല്‍ ഒരു പാര്‍ട്ടിയില്‍ അണി നിരക്കുന്ന പ്രവര്‍ത്തകരെ മുന്നോട്ട് നയിക്കുന്ന ഊര്‍ജം എന്താണെന്ന് മനസിലാകുന്നുണ്ട്. അത് മറ്റൊന്നുമല്ല, നിലവിലെ വ്യവസ്ഥിതിയോടുള്ള കടുത്ത മടുപ്പും പുതിയ വ്യവസ്ഥിതിക്ക് വേണ്ടിയുള്ള ദാഹവുമാണ്. വര്‍ഷങ്ങളായി നാം കണ്ട് ശീലിച്ച രാഷ്ട്രീയമാവില്ല ഇത്. നടപ്പ് രാഷ്ട്രീയത്തിന്റെ വഴികളുമാവില്ല. ഒരു കുഞ്ഞ് പിറക്കുന്നതു പോലുള്ള അവസ്ഥയാണിത്. അതു കൊണ്ടു തന്നെ ഈ വരവിനെ "വിപ്ലവം' എന്നു വിളിക്കാനല്ല ഞാന്‍ ഇഷ്ടപ്പെടുന്നത്. മറിച്ച് ഇതൊരു വെളിപാടാണ്. ഒരുപാട് മനസുകള്‍ സ്വാര്‍ത്ഥ താത്പര്യമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമായുണ്ടായ വെളിപാട്.
എന്റെ മകന്റെയും മകളുടെയും പ്രായത്തിലുള്ളവരാണ് ഏറെയും. ഈ തലമുറയില്‍പ്പെട്ടവരെ പൊതുവേ അരാഷ്ട്രീയ ജീവികള്‍ എന്നു വിളിച്ച് പരിഹസിക്കാറായിരുന്നു പതിവ്. എന്നാല്‍ ഈ അരാഷ്ട്രീയ ജീവികള്‍ ചേര്‍ന്നാണ് 28 സീറ്റുകളില്‍ ജയിച്ചത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്. എനിക്ക് തോന്നിയ കാര്യം പറയാം. അരാഷ്ട്രീയ ജീവികള്‍ എന്നുവിളിച്ച് മാറ്റിനിറുത്തിയ ഈ തലമുറയ്ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു. അത് ജനങ്ങള്‍ കണ്ടു ശീലിച്ച അഴിമതിയും അക്രമവും അടിപിടിയും കൊലപാതകവും നിറഞ്ഞ പതിവ് രാഷ്ട്രീയമായിരുന്നില്ല. കൂടുതല്‍ തൊഴിലവസരങ്ങളും നീതിയും തുല്യതയും നിയമപാലനവും അവര്‍ ആഗ്രഹിച്ചിരുന്നു.
നിലവിലുള്ള എല്ലാ അധികാര കേന്ദ്രങ്ങളും അഴിമതിയിൽ മുങ്ങി പൊള്ളയായ വാക്കുകളില്‍ അഭിരമിച്ച് കഴിയുന്നതാണ് അവര്‍ കണ്ടത്. അവസരം വന്നപ്പോള്‍ സര്‍വശക്തിയുമെടുത്ത് അവര്‍ പുറത്ത് വന്നു. ഇതൊരു സൂചനയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് മനസിലാക്കുമോ എന്ന് എനിക്കറിയില്ല. രാഷ്ട്രീയം മാത്രമല്ല ഏത് രംഗത്തായാലും ഏല്‍പ്പിക്കപ്പെട്ട കടമ ആത്മാര്‍ത്ഥമായി ചെയ്തില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നത് ഒരു സത്യമാണ്. സൃഷ്ടിപരമായ ഒന്നും രാഷ്ട്രീയത്തിൽ നിന്ന് ഉണ്ടാകുന്നില്ല. പിഴച്ച് പിഴച്ച് അത് അങ്ങേ അറ്റത്തിൽ എത്തിയിരിക്കുന്നു. രാഷ്ട്രീയം ഒരു പച്ചപ്പ് പോലും കിളിർക്കാത്ത തരിശായി മാറിക്കഴിഞ്ഞു. വോട്ട് ചെയ്ത് അധികാരത്തെയും അധികാരികളെയും സൃഷ്ടിക്കുന്ന സാധാരണക്കാരായ ജനങ്ങളെ എല്ലാ പാർട്ടികളും മറന്നു.
രാഷ്ട്രീയ ധാര്‍മ്മികതയുടെ കാര്യത്തില്‍ ഗാന്ധിജിയുടെ വചനങ്ങളെ പരാമര്‍ശിച്ച ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ ശുദ്ധീകരണം നടക്കുമെന്നും മോഹൻലാൽ പ്രതീക്ഷിക്കുന്നു. "രണ്ട് കാര്യങ്ങൾ ഞാൻ പറയാറില്ല, പരദൂഷണവും രാഷ്ട്രീയവും" എന്നു പറഞ്ഞാണ് ബ്ലോഗെഴുത്ത് ആരംഭിച്ചിരിക്കുന്നത്. ഡൽഹിയിലെ വെളിപാടിന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ കഴിയുമെന്ന പ്രത്യാശയോടെ എല്ലാവര്‍ക്കും ക്രിസ്മസ്- നവവത്സര ആശംസകള്‍ നേർന്നാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.

mohanlals new blog on delhi election,mohanlal blog new,new blog by mohanlal,mohanlal and politics,politics and mohanlal

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are