ദത്തിന് വീണ്ടും പരോള്‍ അനുവദിച്ചതില്‍ പ്രതിഷേധം; സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസില്‍ അഞ്ചു വര്‍ഷത്തെ കഠിനതടവ് അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് വീണ്ടും പരോള്‍ അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധം. പരോള്‍ വിവാദമുയര്‍ത്തിയതോടെ പുണെ, മുംബൈ പൊലീസില്‍നിന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തു. വിവാദത്തിനിടയിലും ദത്ത് പരോള്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി.
ഭാര്യ മന്യതയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ദത്ത് ഒരു മാസത്തെ പരോളിന് അപേക്ഷിച്ചത്. മുംബൈ പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയതോടെ പുണെ ഡിവിഷന്‍ പൊലീസ് കമീഷണര്‍ വെള്ളിയാഴ്ച പരോള്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍, മന്യത വ്യാഴാഴ്ച രാത്രി സുഹൃത്ത് നിര്‍മിച്ച സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ചെന്നതും സുഹൃത്തിന്‍െറ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്തതും ഫോട്ടോ സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടത് വിവാദത്തിന് തിരികൊളുത്തി. ദത്തിന്‍െറ നഗരത്തിലെ വീടിന് മുന്നിലും, ശിക്ഷ അനുഭവിക്കുന്ന പുണെ യേര്‍വാഡാ ജയില്‍ പരസിരത്തും ദലിത് സംഘടനയായ ആര്‍.പി.ഐ പ്രവര്‍ത്തകരും സന്ധദ്ധ പ്രവര്‍ത്തകരും പ്രതിഷേധവുമായി തടിച്ചുകൂടി. കരിങ്കൊടി കാട്ടിയും, പ്രതികള്‍ക്കിടയില്‍ വേര്‍തിരിവ് പ്രകടിപ്പിക്കുന്ന അധികൃതര്‍ക്കെതിരെ പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. കാലിലെ രക്തയോട്ടം നിലച്ചതിന് ചികിത്സ നേടാന്‍ അനുവദിച്ച 28 ദിവസത്തെ പരോള്‍ കഴിഞ്ഞ് ദത്ത് ജയിലില്‍ തിരിച്ചത്തെിയിട്ട് ഒരു മാസമായിട്ടേയുള്ളൂ. ഇതിനിടയിലാണ് വീണ്ടും ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. അതേസമയം, ഇതേ കേസില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റു പ്രതികളുടെ പരോള്‍ അപേക്ഷ മുംബൈ പൊലീസിന്‍െറ പ്രതികൂല റിപ്പോര്‍ട്ട് മൂലം തള്ളുകയാണുണ്ടായത്. സ്വാധീനമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമിടയിലെ വിവേചനമാണ് ദത്തിന് ആവര്‍ത്തിച്ച് പരോള്‍ നല്‍കിയതിലൂടെ പ്രകടമാകുന്നതെന്ന് നിയമവിദഗ്ധരും കുറ്റപ്പെടുത്തി.
മുംബൈ സ്ഫോടന കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിരവധി പേരുടെ പരോള്‍ അപേക്ഷ അഞ്ചു മാസമായി മുംബൈ പൊലീസിനു മുന്നില്‍ കെട്ടിക്കിടക്കുകയാണ്. പൊലീസ് പരോള്‍ അപേക്ഷ തള്ളിയവരില്‍ ഒരാളാണ് സ്ഫോടക ആസൂത്രകരുടെ തോക്കും വെടിക്കോപ്പും സൂക്ഷിച്ചതിന് ടാഡ നിയമപ്രകാരം ആറുവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട സൈബുന്നിസ ഖാസി. 72 വയസ്സുള്ള ഇവര്‍ അര്‍ബുദ രോഗിയാണ്. 90ലേറെ വയസ്സുള്ള മാതാവിനെ പരിചരിക്കാനും ആരോഗ്യകാരണത്താലും ഇവര്‍ നല്‍കിയ പരോള്‍ അപേക്ഷ മുംബൈ പൊലീസ് തള്ളിയത് വിവാദമായിരുന്നു. സുപ്രീംകോടതി വിധി ശരിവെച്ചിരിക്കെ ഇനിയെന്തിന് സൈബുന്നിസ സാക്ഷികളെ സ്വാധീനിക്കണമെന്ന ചോദ്യമാണ് നിയമവിദഗ്ധര്‍ ഉയര്‍ത്തിയത്. വിചാരണക്കിടെ ജാമ്യത്തിലായിരുന്ന ഇവര്‍ ശിക്ഷാവിധിക്ക് ശേഷം അതനുഭവിക്കാന്‍ കീഴടങ്ങിയതാണെന്നതും മുംബൈ പൊലീസ് അവഗണിച്ചു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are