ചലച്ചിത്ര മേളയില്‍ സെല്ലുലോയ്ഡ് പ്രദര്‍ശിപ്പിക്കില്ലെന്ന് കമല്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയുടെ പ്രായത്തെച്ചൊല്ലി വിവാദം. ഇതിനെത്തുടര്‍ന്ന് സെല്ലുലോയ്ഡ് മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ ശബ്ദചിത്രമായ ബാലനെ അടിസ്ഥാനമാക്കി മലയാള സിനിമയ്ക്ക് 75 വയസാണെന്ന ചലച്ചിത്ര അക്കാദമിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് തന്റെ ചിത്രമായ സെല്ലുലോയ്ഡ് മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കമല്‍ വ്യക്തമാക്കിയത്.

1928 ല്‍ ജെ.സി ഡാനിയല്‍ ഒരുക്കിയ വിഗതകുമാരന്‍ എന്ന നിശബ്ദ സിനിമയുടെ പിറവിയുമായി ബന്ധപ്പെട്ട കഥയാണ് സെല്ലുലോയ്ഡിന്റേത്. വിഗതകുമാരന്‍ മുതല്‍ കണക്കുകൂട്ടിയാല്‍ മലയാള സിനിമയ്ക്ക് പ്രായം 85 വയസായി.

എന്നാല്‍ വിഗതകുമാരന്‍ നിശബ്ദ സിനിമയായതിനാല്‍ ആദ്യ സിനിമയായി കണക്കാക്കാനാകില്ലെന്നും പത്തു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ ശബ്ദ സിനിമയായ ബാലന്‍ ആദ്യ സിനിമയായി കാണണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. ഇതിന് അനുകൂലമായി ചലച്ചിത്ര അക്കാദമിയും നിലപാട് സ്വീകരിച്ചതോടെയാണ് കമല്‍ ക്ഷുഭിതനായത്. സാംസ്‌കാരിക മന്ത്രി കെ.സി ജോസഫിനെതിരേയും കമല്‍ വിമര്‍ശനമുയര്‍ത്തി. കെ.സി ജോസഫിന് സാംസ്‌കാരിക മന്ത്രിയായിരിക്കാന്‍ അര്‍ഹതയില്ലെന്നും കമല്‍ പറഞ്ഞു.

- See more at: http://anweshanam.com/index.php/iffk2013/news/20226#sthash.WH38vuJs.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are