കലാഭവന്‍ മണിയില്‍ നിന്ന് 22.5പവന്റെ വള പിടിച്ചെടുത്തു

നെടുമ്പാശ്ശേരി: വിദേശയാത്രകഴിഞ്ഞെത്തിയ നടന്‍ കലാഭവന്‍ മണിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് കസ്റ്റംസ് ഇരുപത്തിരണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണവള പിടിച്ചെടുത്തു. 

മണി കൈയിലിട്ടിരുന്ന വള 22കാരറ്റ് സ്വര്‍ണമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി അധികൃതര്‍ പറയുന്നു. രേഖകളില്ലാത്തതിനാല്‍ മണിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയയ്ക്കുമെന്നും കസ്റ്റംസ് അറിയിച്ചു. വള അഞ്ചരപ്പവന്റേതാണെന്നാണ് മണിയുടെ വിശദീകരണം.

ഞായറാഴ്ച പുലര്‍ച്ചെയുള്ള കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ കുവൈത്തില്‍ നിന്നാണ് മണിയെത്തിയത്. കൈയിലെ വള സ്വര്‍ണമാണോ എന്ന് ചോദിച്ചപ്പോള്‍ സ്വര്‍ണമല്ലെന്നായിരുന്നു ആദ്യം മണിയുടെ ഉത്തരമെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. പിന്നീട് 'സ്വര്‍ണമാണോ ഇരുമ്പാണോ എന്ന് നിങ്ങള്‍ പരിശോധിച്ചോളൂ' എന്ന് കയര്‍ത്ത മണി വള മേശപ്പുറത്ത് ഊരിയിട്ടശേഷം മടങ്ങിയെന്നും അവര്‍ പറഞ്ഞു. പരിശോധനയില്‍ വള 181ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വര്‍ണമാണെന്ന് കണ്ടെത്തി. വളയ്ക്ക് 5,13,000 രൂപ വിലവരും. മണിയുടെ കഴുത്തില്‍ സ്വര്‍ണമാലയുണ്ടായിരുന്നുവെന്നും അത് പരിശോധിക്കാനായില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

വിദേശത്ത് ആറുമാസം തങ്ങിയവര്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരാനാകൂ. പുരുഷന്മാര്‍ക്ക് 50,000 രൂപയുടെ സ്വര്‍ണം നികുതിയില്ലാതെയും ഒരു കിലോ സ്വര്‍ണം നികുതിയടച്ചും കൊണ്ടുവരാം. മണി ആറുമാസം തങ്ങിയിട്ടില്ല എന്നു തെളിഞ്ഞിട്ടുണ്ട്. 

വിദേശത്തേക്ക് പോകുമ്പോള്‍ കൈവശം സ്വര്‍ണമുണ്ടെങ്കില്‍ അതിന്റെ മൂല്യം വെളിപ്പെടുത്തി കയറ്റുമതി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. തിരികെ വരുമ്പോള്‍ ഇത് കസ്റ്റംസ് മുമ്പാകെ ഹാജരാക്കുകയും വേണം. മണിയുടെ പക്കല്‍ ഈ സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നു. ഇതേത്തുടര്‍ന്നാണ് വള സര്‍ക്കാറിലേക്ക് കണ്ടുകെട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. നിയമ പ്രകാരം വള കണ്ടുകെട്ടേണ്ടതാണ്. മണിയുടെ വിശദീകരണത്തിന്മേല്‍ അന്തിമ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം കസ്റ്റംസ് കമ്മീഷണര്‍ക്കാണ്. 

വളയില്‍ അഞ്ചരപ്പവന്‍ സ്വര്‍ണം മാത്രമേയുള്ളൂവെന്നും ബാക്കി ഇരുമ്പാണെന്നുമാണ് മണി പറയുന്നത്. 'എന്റെ കൈയിലെ വള പലപ്പോഴും പ്രേക്ഷകരെല്ലാം കണ്ടിട്ടുണ്ട്. എത്രയോ കാലമായി അതിടുന്നു. സ്വര്‍ണമാണോ എന്ന് ചോദിച്ചപ്പോള്‍ പരിശോധിക്കാനായി ഊരിക്കൊടുക്കുക മാത്രമാണ് ചെയ്തത്.

വനംവകുപ്പുകാര്‍ക്കുപിന്നാലെ കസ്റ്റംസും വളഞ്ഞിട്ടുപിടിക്കുകയാണ്.'-മണി പറഞ്ഞു. ഏഴുമാസം മുമ്പ് അതിരപ്പള്ളിയില്‍ വാഹനപരിശോധന നടത്തിയ വനംവകുപ്പുദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി ആരോപിച്ച് മണിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോടതിയില്‍ കീഴടങ്ങിയ മണി ജാമ്യം നേടി.kalabhavan mani mai bracelet cutoms kalabhavan mani bracelet nedumbasseri airport

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are