പുണ്യാളന്‍ മൊത്തതിലൊരു രസാണ്‌ട്ടോ...

പുണ്യാളന്‍ കലക്കിപ്പൊളിച്ചുട്ടോ... തനി തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇനി കുറച്ചുകാലം കേരളത്തീല് പുണ്യാളന്‍ അഗര്‍ബത്തി സുഗന്ധോം പരത്തും. അസ്സലായിട്ടുണ്ട് ജയസൂര്യയുടെ പുതിയ ഗെറ്റപ്പും സ്റ്റൈലും. പുണ്യാളനും ജയസൂര്യയും രഞ്ജിത്ത് ശങ്കറും ശരിക്കും കിടുക്കി കളഞ്ഞു.

ആനപ്പിണ്ടത്തില്‍ നിന്ന് അഗര്‍ബത്തി ഉണ്ടാക്കുന്ന ബിസിനസ് തുടങ്ങി കഷ്ടത്തിലായ ജോയ് താക്കോല്‍ക്കാരന്റെ കഥ പറയുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് എല്ലാം കൊണ്ടും പുതുമ നിറഞ്ഞ ചിത്രം തന്നെ. ആദ്യ ഷോയില്‍ തന്നെ നല്ല ചിത്രമെന്ന പേരുനേടി പുണ്യാളന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമാകുമെന്ന് ഉറപ്പ്. ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിനു ശേഷം തുടര്‍ച്ചയായി ജയസൂര്യയുടെ രണ്ടാമത്തെ ഹിറ്റ്.

രഞ്ജിത്ത് ശങ്കര്‍ കഥയും സംഭാഷണവും തിരക്കഥയുമെഴുതിയ പുണ്യാളന്‍ അഗര്‍ബത്തീസ് കഥയിലെ പുതുമയും ശുദ്ധഹാസ്യവും അല്‍പം രാഷ്ട്രീയ-സാമൂഹിക വിമര്‍ശനവും കൊണ്ട് ശ്രദ്ധേയമാകുകയാണ്. ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം ഒന്നിനൊന്നു കേമമായ പ്രകടനമാണ്കാഴ്ചവച്ചിരിക്കുന്നത്. ജോയ് താക്കോല്‍ക്കാരന്‍ എന്ന തൃശൂര്‍കാരനായി ജയസൂര്യ ഗംഭീരമായി അവതരിപ്പിച്ചു.

നൈല ഉഷ, അജു വര്‍ഗീസ്, രചന, ടി.ജി. രവി, ശ്രീജിത്ത് രവി, ഇടവേള ബാബു, പൊന്നമ്മ ബാബു, മാള തുടങ്ങി വന്‍ നിര തന്നെ ചിത്രത്തിലുണ്ട്. ഡ്രീംസ് ആന്‍ ബിയോണിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജയസൂര്യയുടെ ഉഗ്രനൊരു പാട്ടും ചിത്രത്തിലുണ്ട്. നിസാര കാര്യത്തിനു പോലും ഹര്‍ത്താല്‍ ആചരിക്കുന്ന കേരളത്തില്‍ ഹര്‍ത്താലിനെതിരെ ചിത്രത്തിലുള്ള വിമര്‍ശനം വരും നാളില്‍ ചര്‍ച്ചയാകുമെന്നകാര്യത്തില്‍ സംശയമൊന്നുമില്ല. സിനിമയെ രാഷ്ട്രീയ-സാമൂഹിക വിമര്‍ശനത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് സംവിധായകനായ രഞ്ജിത്ത് ശങ്കര്‍ കാട്ടിത്തരുന്നു.

 

 

Punyalan Agarbathis ranjith sankar jayasurya nyla usha Punyalan Agarbathis movi Punyalan Agarbathis film

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are