പാടശേഖരത്തില്‍ നെല്ലുകൊയ്യാല്‍ മമ്മൂട്ടിയും ഭാര്യയും എത്തി

കോട്ടയം: കുമരകം കേളക്കേരി വട്ടക്കായല്‍ പാടത്ത് ഞായറാഴ്ച രാവിലെ മമ്മൂട്ടിയെത്തിയത് തനി കര്‍ഷകനായി. സ്വന്തം പാടത്തെ ചെങ്കഴമാ നെല്‍ക്കതിരുകള്‍ കൊയ്യാന്‍ മമ്മൂട്ടി അരിവാളുമായി ഇറങ്ങിയപ്പോള്‍, 'വാത്സല്യം' എന്ന സിനിമയില്‍ അദ്ദേഹം അനശ്വരമാക്കിയ മേലേടത്ത് രാഘവന്‍നായര്‍ എന്ന കഥാപാത്രമാണ് കണ്ടുനിന്നവരുടെ മനസ്സിലെത്തിയത്. പാടത്ത് വിയര്‍പ്പൊഴുക്കി ജീവിതം കരുപ്പിടിപ്പിച്ച രാഘവന്‍നായരുടെ കഥയാണ് വാത്സല്യം. ജീവിതത്തിലും കര്‍ഷകന്റെ റോള്‍ മമ്മൂട്ടി ഗംഭീരമാക്കുന്നതാണ് വട്ടക്കായല്‍ പാടത്ത് കണ്ടത്.

രാവിലെ ഒമ്പതരയോടെ ചെറുവഞ്ചിയിലാണ് മമ്മൂട്ടി എത്തിയത്. ഒപ്പം ഭാര്യ സുള്‍ഫത്തും കുറെ സുഹൃത്തുകളും മാത്രം. പാടത്തേക്കെത്തുമ്പോള്‍ മമ്മൂട്ടി ആദ്യം ശ്രദ്ധിച്ചത് തന്നെ കാത്തുനില്‍ക്കുന്ന പുതുപ്പള്ളി സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളെ. 'സാറാമ്മ ടീച്ചറേ കുട്ടികളെല്ലാം ഇല്ലേ' -പെട്ടെന്നുകേട്ട ചോദ്യത്തിനുമുന്നില്‍ പകച്ചുപോയ ടീച്ചറുടെ മറുപടി ചിരിയിലൊതുങ്ങി. മമ്മൂക്കയുടെ പ്രകൃതികൃഷിയെപ്പറ്റി അറിയാന്‍ എത്തിയതായിരുന്നു ടീച്ചറും കുട്ടികളും.

തുടര്‍ന്ന് മുണ്ടുംമടക്കിക്കുത്തി പാടത്തേക്ക്. പരമ്പരാഗതശൈലിയില്‍ അരിവാളുപയോഗിച്ച് കറ്റകൊയ്തു. ആദ്യ കറ്റ സുള്‍ഫത്തിന് നല്‍കി. അടുത്തത് പ്രകൃതികൃഷി പ്രചാരകന്‍ ഹിലാലിനും. തുടര്‍ന്ന് കൊയ്ത്തുയന്ത്രത്തില്‍ കയറി അതിലായി കൊയ്ത്ത്.

തിരിച്ച് വരമ്പത്തെത്തിയ മമ്മൂട്ടി കുട്ടികള്‍ക്കൊപ്പം കൂടി. കൃഷിയെക്കുറിച്ച് അറിയാനെത്തിയ അവരോട് അദ്ദേഹത്തിന്റെ വക ചോദ്യങ്ങള്‍. നിങ്ങള്‍ പാല്‍ കുടിക്കാറുണ്ടോ?, പശുവിനെ വളര്‍ത്താതെ പാല്‍ എവിടന്ന്? ചോദ്യങ്ങള്‍ക്കൊടുവില്‍ പ്രകൃതിയും മനുഷ്യനും മണ്ണുമായുള്ള ബന്ധത്തിന്റെ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നുനല്‍കി. ഇതെല്ലാം കണ്ടും ആസ്വദിച്ചും സുള്‍ഫത്ത് പാടവരമ്പത്ത് നിന്നു.

മടങ്ങാന്‍നേരം ഹിലാലിന്റെ ഭാര്യ ബിജി, അവരുടെ ഒരുമാസം പ്രായമായ കുഞ്ഞുമായി മമ്മൂട്ടിക്കരികിലെത്തി. കുഞ്ഞിനെ തലോടി അദ്ദേഹത്തിന്റെ കമന്റ് -ഇതും പ്രകൃതിക്കുട്ടിയാണോ?

മമ്മൂട്ടിയോടൊപ്പം മാനേജര്‍ ജോര്‍ജ്ജ്, ബാല്യകാല സുഹൃത്തുക്കളായ അപ്പുക്കിളി, കാര്‍ഷിക സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരന്‍ , ഷറഫ്, ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജിന്‍സ് പള്ളിക്കത്തോട് തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രകൃതികൃഷി ചെയ്യാന്‍ മറ്റ് കര്‍ഷകരും തയ്യാറാണെന്ന് പാടശേഖരസമിതി ഭാരവാഹി തോട്ടുമ്പുറം പ്രസന്നന്‍ പറഞ്ഞു.
കൃഷിയെപ്പറ്റി എന്താണഭിപ്രായം എന്ന ചോദ്യത്തിന് സുള്‍ഫത്തിന്റെ മറുപടി ഇങ്ങനെ -'ഒത്തിരി സന്തോഷം'

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are