പീതാംബരക്കുറുപ്പിനെതിരായ പരാതിയില്‍നിന്ന് ശ്വേതാമേനോന്‍ പിന്മാറി

കൊച്ചി: കൊല്ലത്ത് പൊതുവേദിയില്‍ അപമാനിതയായ സംഭവത്തില്‍ എന്‍. പീതാംബരക്കുറുപ്പ് എം.പി.ക്കെതിരായ പരാതിയില്‍നിന്നും നടി ശ്വേതാമേനോന്‍ പിന്മാറി. സംഭവത്തില്‍ പോലീസ് മൊഴിയെടുത്ത് പീതാംബരക്കുറുപ്പിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നാടകീയമായി ശ്വേതയുടെ പിന്മാറ്റം.

പീതാംബരക്കുറുപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നില്ലെന്ന് ബാംഗ്ലൂരില്‍നിന്നും ഇ മെയില്‍വഴി ശ്വേത മാധ്യമങ്ങളെ അറിയിച്ചു. സംഭവത്തില്‍ പീതാംബരക്കുറുപ്പ് പരസ്യമായി മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് തന്റെ തീരുമാനമെന്നും ഇതില്‍ ബാഹ്യസമ്മര്‍ദങ്ങളില്ലെന്നും ശ്വേത ഇ മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവിനോടും മറ്റു കുടുംബാംഗങ്ങളുമായി ചര്‍ച്ചചെയ്താണ് തന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു. 

ഞായറാഴ്ച രാത്രി ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും ശ്വേത ഇക്കാര്യം ആവര്‍ത്തിച്ചു.തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദിയുണ്ടെന്നും ശ്വേതയുടെ ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം പരാതി പിന്‍വലിച്ചതിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ശ്വേതയുടെ നിലപാട്. ശ്വേതാമേനോനെ അപമാനിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ. നല്കിയ പരാതിയില്‍ കൊല്ലം ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം ശ്വേതയുടെ വീട്ടിലെത്തി ഞായറാഴ്ച മൊഴി യെടുത്തിരുന്നു. ഇതിനുശേഷമാണ് ശ്വേത ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് ബാംഗ്ലൂരിലേക്ക് പോയത്. ശ്വേതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈകിട്ടോടെ പോലീസ് കേസ് രജിസ്റ്റര്‍ചെയ്യുകയും ചെയ്തു. എന്നാല്‍ രാത്രി എട്ടുമണിയോടെ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് ഇ മെയിലിലൂടെ ശ്വേത അറിയിക്കുകയായിരുന്നു. 

പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കുമെന്നുമാണ് ശനിയാഴ്ച രാത്രി ശ്വേത മാധ്യമങ്ങളോട് പറഞ്ഞത്. പീതാംബരക്കുറുപ്പിനെതിരെ മൊഴി നല്‍കിയതിനു പിന്നാലെ ശ്വേതാമേനോനെതിരെ വിമര്‍ശനങ്ങളുമായി കൊല്ലം ഡി.സി.സിയും യൂത്ത് കോണ്‍ഗ്രസും പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ശ്വേതയുടെ പെട്ടെന്നുള്ള പിന്മാറ്റമെന്ന് കരുതുന്നു.

വെള്ളിയാഴ്ച കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചത് കൊല്ലം എം.പി. എന്‍. പീതാംബരക്കുറുപ്പ് തന്നെയാണെന്നാണ് ശ്വേതാമേനോന്‍ ഞായറാഴ്ച അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. പീതാംബരക്കുറുപ്പിന് പുറമേ കണ്ടാലറിയാവുന്ന മറ്റൊരാള്‍കൂടി തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കൊല്ലം ഈസ്റ്റ് വനിതാ സി.ഐ. സിസിലിയുടെയും എസ്.ഐ. ഗോപകുമാറിന്റെയും നേതൃത്വത്തിലുള്ള നാലംഗസംഘത്തോട് ശ്വേത വ്യക്തമാക്കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയതു മുതല്‍ ഇവര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കാറില്‍ നിന്നിറങ്ങിയതുമുതല്‍ വേദിയിലെത്തുന്നതുവരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും മൊഴിയിലുണ്ട്.

ഞായറാഴ്ച രാവിലെ 9.40-നാണ് കൊല്ലത്തുനിന്നെത്തിയ പോലീസ് സംഘം ശ്വേതയുടെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തത്. മൊഴിയെടുക്കല്‍ ഒന്നരമണിക്കൂറോളം നീണ്ടു. തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച ഒരു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്വേത ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനുമൊത്ത് ബാംഗ്ലൂരിലേക്ക് പോയി. വൈകിട്ടോടെ ശ്വേതയുടെ മൊഴിപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമം 354, 354 എ, 119 വകുപ്പുകളില്‍ പീതാംബരക്കുറുപ്പിനും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍നിന്നും പീതാംബരക്കുറുപ്പ് മുന്‍കൂര്‍ജാമ്യത്തിനായി ശ്രമം തുടങ്ങിയിരുന്നു.swetha menon swetha menon latest news swetha menon withdraws complaint against peethambra kurup swetha menon molested n peethambra kurup 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are