കാളിദാസന്‍ തിരിച്ചുവരുന്നു അച്‌ഛനോടൊപ്പം

  • Print

mangalam malayalam online newspaper

താരപുത്രന്‍മാരുടെ തിരിച്ചുവരവ്‌ വാര്‍ത്തയാകുന്ന കാലമാണിത്‌. ജയറാമിന്റെ പുത്രന്‍ കാളിദാസനും മൂവി ക്യാമറയ്‌ക്ക് മുന്നില്‍ തിരിച്ചെത്തുന്നു. ഇത്തവണയും അച്‌ഛനൊപ്പമാണ്‌ കാളിദാസനെ കാണാന്‍ കഴിയുക. എന്നാല്‍, കാളിദാസന്റെ മടങ്ങിവരവ്‌ ഒരു പരസ്യചിത്രത്തിലൂടെയാവുമെന്നു മാത്രം. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട്‌ അപ്പൂന്റെയും എന്നീ സിനിമകളില്‍ ജയറാമിനൊപ്പം വെളളിത്തിരയിലെത്തിയ കാളിദാസന്‍ തനിക്ക്‌ താരപുത്ര പദവി മാത്രമല്ല അഭിനയിക്കാനുളള കഴിവുമുണ്ടെന്ന്‌ തെളിയിച്ചു. ആദ്യ സിനിമയില്‍ തന്നെ മികച്ച ബാലനടനുളള ദേശീയ അവാര്‍ഡും സ്വന്തമാക്കി. എന്നാല്‍, 'എന്റെ വീട്‌ അപ്പൂന്റെയും' കഴിഞ്ഞ്‌ കാളിദാസ്‌ മൂവിക്യാമറയ്‌ക്ക് മുന്നില്‍ നിന്ന്‌ അകന്നു നില്‍ക്കുകയായിരുന്നു. ജയറാം ബ്രാന്‍ഡ്‌ അംബാസിഡറായുളള മുണ്ടിന്റെ പരസ്യ ചിത്രത്തിലാണ്‌ കാളിദാസന്‍ അഭിനയിക്കുന്നത്‌. തലമുറകള്‍ കൈമാറുന്ന വസ്‌ത്രമാണിതെന്ന തീമായിരിക്കും പരസ്യത്തിന്‌. പുതിയ തലമുറയുടെ പ്രതിനിധിയായിട്ടാവും കാളിദാസന്‍ പ്രത്യക്ഷപ്പെടുക. ചെന്നൈയിലെ ലയോള കോളജില്‍ അവസാവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്‌ കാളിദാസന്‍. ബിരുദ പഠനം പൂര്‍ത്തിയാക്കിയാലുടന്‍ താരപുത്രന്‍ സിനിമയില്‍ സജീവമാവുമെന്നാണ്‌ കരുതുന്നത്‌.