ഓരോ ഗ്രാമത്തിലും ബ്രോഡ്ബാൻഡ് ഉറപ്പാക്കും: കേന്ദ്ര സർക്കാർന്യൂഡൽഹി:  അതത് സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പരമാവധി ഗ്രാമങ്ങളിൽ നടപ്പു സാമ്പത്തിക വർഷം തന്നെ ബ്രോഡ്‌ബാൻഡ് സംവിധാനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 1.34 ലക്ഷം ഇന്റർനെറ്റ് സംവിധാനമുള്ള പ്രത്യേക സെന്ററുകൾ ഗ്രാമപ്രദേശങ്ങളിൽ തുറന്നിട്ടുണ്ടെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഗ്രാമങ്ങളിൽ വിവര സാങ്കേതിക വിദ്യ സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുകയും പ്രചാരണം കൂട്ടുകയുമാണ് ഈ സെന്ററുകളിലൂടെ ഉദ്ദേശിക്കുന്നത്.

ഓരോ ഗ്രാമത്തിലും ബ്രോഡ്‌ബാൻഡ് സംവിധാനം ഉറപ്പാക്കാൻ കേന്ദ്ര -  സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.  ബ്രോഡ്ബാൻഡ് സംവിധാനം ഉറപ്പാക്കാനുള്ള ബാൻഡ് വിഡ്‌ത്ത് ഇന്ത്യയുടെ പലഭാഗങ്ങളിലും ലഭ്യമല്ല. ഇതുറപ്പാക്കാനാണ് കേന്ദ്ര സർക്കാർ പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഓരോ ഗ്രാമത്തിലും യോഗ്യതാക്രമം അനുസരിച്ചായിരിക്കും ബ്രോഡ്ബാൻഡ് സംവിധാനം വ്യാപിപ്പിക്കുക. ഇതിനായി ഐ.ടി വിദഗ്ദ്ധരുടെ സംഘം ഗ്രാമങ്ങളിൽ സന്ദർശനം നടത്തും.

ഒരു പൗരന്  സർക്കാരിൽ നിന്ന്  ലഭിക്കേണ്ട ജാതി സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകൾ ഇന്റർനെറ്റ് വഴി ലഭ്യമാക്കുന്ന ഇ - ഗവേണൻസ് പദ്ധതി പൂർണമായും വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്ത്  ഗ്രാമങ്ങളിൽ ഇംഗ്ളീഷ് ഭാഷയുടെ സ്വാധീനം തീരെ കുറവായതാണ് പദ്ധതിക്ക് തിരിച്ചടിയായത്.  ഇന്ത്യയിൽ ചില ഭാഷകൾ ഒന്നിലധികം ലിപി ഉപയോഗിക്കുന്നു. ചില ഭാഷകൾക്കെല്ലാം കൂടി ഒരു ലിപി മാത്രമാണുള്ളത്. ഈ ഭാഷകളിൽ പല  വാക്കുകളും പല ഭാഗങ്ങളിൽ വിവിധ തരത്തിലാണ് ഉച്ചരിക്കുന്നത്. ഇവയുടെ ഫോണ്ടുകൾ കൃത്യമായി വികസിപ്പിക്കാൻ കഴിയാത്തതും  കാരക്‌ടർ എൻകോഡിംഗ് പ്രയാസമാണെന്നതും ബാൻഡ്‌ വിഡ്‌ത്ത് ചെലവ് കൂടുതലാണെന്നതുമാണ് പ്രാദേശിക വത്‌കരണത്തിന് തടസമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.


 2018: ഇന്ത്യയിൽ ഇന്റർനെറ്റ്
ഉപഭോക്താക്കൾ 51 കോടിയാകും

സ്‌മാർട് ഫോൺ വില കുത്തനെ കുറയുന്നതിന്റെ പിൻബലത്തിൽ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം 2017-18 സാമ്പത്തിക വർഷമാകുമ്പോൾ 51 കോടി കവിയുമെന്ന്  വിലയിരുത്തപ്പെടുന്നു. ഓരോ വർഷവും 25 ശതമാനം വീതം വർദ്ധനയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്നത്.  കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിലെ സ്‌മാർട് ഫോണുകളുടെ ശരാശരി വില 200 ഡോളറിൽ നിന്ന്  50 ഡോളറിലേക്ക് താഴ്‌ന്നിട്ടുണ്ട്. ടെലകോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം വരെ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ആകെ എണ്ണം 21 കോടിയാണ്.

source :kaumudi

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are