ഗൂഗിളിന്റെ 15 വര്‍ഷങ്ങള്‍ - കണക്കുകളിലൂടെ


വ്യക്തിയായിരുന്നെങ്കില്‍ ഗൂഗിളിനിപ്പോള്‍ പത്താംതരത്തില്‍ പഠിക്കേണ്ട പ്രായമേ ആയിട്ടുള്ളൂ ; 15 വയസ്സ്. സ്റ്റാന്‍ഫഡിലെ രണ്ട് വിദ്യാര്‍ഥികളായിരുന്ന ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന് 15 വര്‍ഷംമുമ്പ് രൂപംനല്‍കിയ സെര്‍ച്ച് കമ്പനി, ഇന്ന് ഒരര്‍ഥത്തില്‍ ഇന്റര്‍നെറ്റിന്റെ പര്യായമാണ്. 

ഗൂഗിളിന്റെ പിറന്നാള്‍ എന്നാണെന്ന് കൃത്യമായി പറയുക സാധ്യമല്ല. കമ്പനിയായി ഗൂഗിള്‍ രജിസ്റ്റര്‍ ചെയ്തിട്ടിപ്പോള്‍ 16 വര്‍ഷമായി. 1997 സപ്തംബര്‍ 15 നായിരുന്നു രജിസ്‌ട്രേഷന്‍ . 1998 സപ്തംബര്‍ നാലിന് പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ , ഇന്‍ഡെക്‌സ് ചെയ്ത പേജുകളുടെ റിക്കോര്‍ഡ് വെച്ച് 2005 മുതല്‍ ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്നത് സപ്തംബര്‍ 27 നാണ്! 

ഏതായാലും 15 വയസ്സ് തികയുന്ന ഗൂഗിള്‍ , സെര്‍ച്ചിനപ്പുറത്തേക്ക് മൊബൈലിലും സോഷ്യല്‍മീഡിയയിലുമൊക്കെ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന കാലമാണിത്. ഗൂഗിളിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വളര്‍ച്ച ചില കണക്കുകള്‍ വഴി വരച്ചുകാട്ടാനാകും. അതാണ് ചുവടെ -

1998 ല്‍ ആരംഭിച്ചപ്പോള്‍ ഗൂഗിള്‍ ഇന്‍ഡെക്‌സ് ചെയ്ത വെബ്ബ്‌പേജുകളുടെ എണ്ണം 260 ലക്ഷമായിരുന്നു. ഇന്നത് 60 ട്രില്യണ്‍ ആണ് (ഒരു ട്രില്യണ്‍ = ഒരുലക്ഷം കോടി).

1998 ല്‍ ബീറ്റ വേര്‍ഷനായിരുന്നപ്പോള്‍ ഒരു ദിവസം 10,000 സെര്‍ച്ച് ക്വറികള്‍ക്കാണ് ഗൂഗിള്‍ ഉത്തരം നല്‍കിയിരുന്നത്. ഇന്ന് ഒരോ മാസവും ഗൂഗിള്‍ കൈകാര്യം ചെയ്യുന്നത് 100 ബില്യണില്‍ കൂടുതല്‍ സെര്‍ച്ച് ക്വറികളാണ് (ഒരു ബില്യണ്‍ = 100 കോടി). 

ഗൂഗിള്‍ ആദ്യമായി ഒരാളെ ജോലിക്ക് നിയമിച്ചത് 1998 സപ്തംബറിലാണ്. പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാകുന്നതിന് തൊട്ടുമുമ്പ് 2004 മാര്‍ച്ച് 31 ന് ഗൂഗിളിലെ ജീവനക്കാരുടെ എണ്ണം 1907 ആയിരുന്നു. ഇപ്പോള്‍ 45,000 -ഓളം ജീവനക്കാര്‍ ഗൂഗിളില്‍ ജോലിചെയ്യുന്നു. 

ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും 1998 ല്‍ 'ബേണിങ് മാന്‍ ' ഉത്സവത്തില്‍ പങ്കെടുക്കാന്‍ അവധിയെടുത്തപ്പോഴാണ് ആദ്യ ഗൂഗിള്‍ ഡൂഡില്‍ പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷം പതിനായിരത്തിലേറെ ഗൂഗിള്‍ ഡൂഡിലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഗൂഗിളിന്റെ ആദ്യ ഏറ്റെടുക്കല്‍ 2001 ലാണുണ്ടായത്. ദെജ ഡോട്ട് കോമിന്റെ ( Deja.com ) 'യൂസ്‌നെറ്റ് ഡിസ്‌കഷന്‍ സര്‍വീസ്' ആയിരുന്നു അത്. അതിനുശേഷം 100 ലേറെ സര്‍വീസുകളെയും കമ്പനികളെയും ഗൂഗിള്‍ ഏറ്റെടുത്ത് സ്വന്തമാക്കി. 

2004 ആഗസ്ത് 19 ന് പ്രഥമ ഓഹരി വില്‍പ്പന ( IPO ) വഴി ഗൂഗിള്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായപ്പോള്‍ , ഓഹരിവില്‍പ്പന തുടങ്ങിയത് ഓഹരിയൊന്നിന് 85 ഡോളര്‍ എന്ന നിരക്കിനായിരുന്നു. പതിനഞ്ചാം പിറന്നാളിന് ഗൂഗിളിന്റെ ഒരു ഓഹരിയുടെ മൂല്യം 874 ഡോളറാണ്. എന്നുവെച്ചാണ് പത്തുമടങ്ങ് വര്‍ധന. 

പബ്ലിക് ലിമിറ്റഡ് കമ്പനിയാകുന്ന സമയത്ത് ഗൂഗിളിന്റെ കമ്പനി മൂല്യം 2300 കോടി ഡോളറായിരുന്നെങ്കില്‍ ഇന്നത് 29000 കോടി ഡോളറാണ്.

2003 ല്‍ ഗൂഗിളിന്റെ വരുമാനം 96.19 കോടി ഡോളറായിരുന്നു. 2012 ല്‍ അത് 5000 കോടി ഡോളറാണ്. 

പേജും ബ്രിന്നും 1998 സപ്തംബറില്‍ ഗൂഗിളിന്റെ ആദ്യ ബാങ്ക് അക്കൗണ്ട് തുറന്നത് സണ്‍ മൈക്രോസിസ്റ്റംസ് സംഭാവന നല്‍കിയ ഒരുലക്ഷം ഡോളറോടെയായിരുന്നു. ഇപ്പോള്‍ വ്യക്തിപരമായി ഇരുവര്‍ക്കും 2300 കോടി ഡോളര്‍ വീതമാണ് സമ്പാദ്യം. 

2005 ലാണ് ആന്‍ഡ്രോയ്ഡിനെ ഗൂഗിള്‍ ഏറ്റെടുക്കുന്നത്. ഇപ്പോള്‍ 100 കോടി ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നു. ആന്‍ഡ്രോയ്ഡ് ആപുകളുടെ ഇതുവരെയുള്ള ഡൗണ്‍ലോഡിങ് എണ്ണം 5000 കോടി. 

ഗൂഗിള്‍ മാപിനൊപ്പം സ്ട്രീറ്റ് വ്യൂ ഉള്‍പ്പെടുത്താനുള്ള ശ്രമം 2007 ലാണ് തുടങ്ങുന്നത്. സ്ട്രീറ്റ് വ്യൂവിനായി ഗൂഗിളിന്റെ വാഹനങ്ങള്‍ ഇതിനകം 52 രാഷ്ട്രങ്ങളിലായി 96 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 

രണ്ടുവര്‍ഷം മുമ്പാണ് ഗൂഗിള്‍ അതിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമവസാനം 50 കോടി അംഗങ്ങള്‍ ഗൂഗിള്‍ പ്ലസ്സിലുണ്ട്. അതില്‍ 13.5 കോടി സ്ഥിരം യൂസര്‍മാരാണ്. 

2008 ലാണ് ഗൂഗിള്‍ ക്രോം ബ്രൗസര്‍ രംഗത്തെത്തിയത്. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററെ കടത്തിവെട്ടി ഒന്നാംസ്ഥാനത്തെത്തിയ ക്രോം ബ്രൗസര്‍ ഇന്ന് 75 കോടി യൂസര്‍മാര്‍ ഉപയോഗിക്കുന്നു. 

2006 ല്‍ യൂട്യൂബിനെ ഗൂഗിള്‍ ഏറ്റെടുക്കുമ്പോള്‍ അതിലെ പ്രതിമാസ സന്ദര്‍ശകരുടെ എണ്ണം രണ്ടുകോടിയായിരുന്നു. ഇപ്പോള്‍ മാസംതോറും 100 കോടി പേര്‍ യൂട്യൂബിലെത്തുന്നു.


google  |  search engine  |  search  |  history of technology 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are